അമേരിക്കന്‍ പ്രസിഡന്റായിരിക്കെ ഡൊണാള്‍ഡ് ട്രംപിന് റിസിന്‍ വിഷം പുരട്ടിയ കത്തയച്ച കേസില്‍ പാസ്കല്‍ ഫെറിയര്‍ എന്ന കനേഡിയന്‍ മദ്ധ്യവയസ്കയ്ക്ക് യുഎസ് കോടതി 22 വര്‍ഷം തടവ് വിധിച്ചു. ട്രംപിനെ വധിക്കാനായി പാസ്കല്‍ അയച്ച വിഷം പുരട്ടിയ കത്ത് വൈറ്റ് ഹൗസിൽ എത്തുന്നതിന് മുമ്പ് തന്നെ 2020 സെപ്റ്റംബറിൽ അന്വേഷണ ഏജന്‍സികള്‍ തടഞ്ഞിരുന്നു. തന്റെ പദ്ധതി പരാജയപ്പെട്ടതിൽ ഖേദമുണ്ടെന്നായിരുന്നു വിചാരണാ വേളയില്‍ പാസ്കല്‍ കോടതിയെ അറിയിച്ചത്.. “ട്രംപിനെ തടയാൻ തനിക്ക് കഴിഞ്ഞില്ല”. അവര്‍ കോടതിയില്‍ പറഞ്ഞു. “ഞാന്‍ ഒരു തീവ്രവാദിയല്ല, ഒരു ആക്ടിവിസ്റ്റ് ആയിട്ടാണ് സ്വയം കാണുന്നത്.’ അവര്‍ പറഞ്ഞു. “എന്റെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ സമാധാനപരമായ മാർഗങ്ങൾ കണ്ടെത്താൻ ഞാൻ ആഗ്രഹിക്കുന്നു,” ഫെറിയർ കൂട്ടിച്ചേർത്തു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറാൻ ട്രംപിന് അയച്ച കത്തിൽ നിന്നും എഫ്ബിഐ പാസ്കലിന്റെ വിരലടയാളം കണ്ടെത്തി. “ഞാൻ നിങ്ങൾക്കായി ഒരു പുതിയ പേര് കണ്ടെത്തി: ‘The Ugly Tyrant Clown’,” അവര്‍ ട്രംപിനുള്ള കത്തിൽ എഴുതിയെന്ന് എഫ്ബിഐ രേഖകള്‍ പറയുന്നു.
ജില്ലാ ജഡ്ജി ഡാബ്‌നി ഫ്രെഡ്രിക്കാണ് ശിക്ഷ വിധിച്ചത്. 262 മാസം അതായത് 22 വർഷം തടവാണ് ശിക്ഷ. ശിക്ഷ കഴിഞ്ഞ് അവരെ യുഎസില്‍ നിന്നും നാട് കടത്തും. പിന്നീട് എപ്പോഴെങ്കിലും മടങ്ങിയെത്തിയാല്‍ ആജീവനാന്തം നിരീക്ഷണത്തിലായിരിക്കും. ‘അവരുടെ പ്രവര്‍ത്തികള്‍, അവര്‍ക്കും സമൂഹത്തിനും ഇരകള്‍ക്കും ഒരു പോലെ ഹാനികരമാണെന്ന് ജഡ്ജി നിരീക്ഷിച്ചു. ട്രംപിന് വിഷം പുരട്ടിയ കത്തുകള്‍ അയച്ചതിനൊപ്പം എട്ട് ടെക്സാസ് നിയമനിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്കും സമാനമായ കത്തുകള്‍ അയച്ചതായി അവര്‍ സമ്മതിച്ചു. 2019 ൽ , നിയമവിരുദ്ധമായി ആയുധം കൈവശം വച്ചതിനും ലൈസൻസില്ലാതെ വാഹനം ഓടിച്ചതിനും ഏകദേശം 10 ആഴ്ചയോളം പാസ്കലില്‍ തടവ് അനുഭവിച്ചിരുന്നു. ഫ്രാൻസ്, കാനഡ എന്നീ രാജ്യങ്ങളുടെ ഇരട്ട പൗരത്വമുള്ളയാളാണ് ഫെറിയർ, 2020 സെപ്റ്റംബറിൽ അതിർത്തി കടന്ന് ന്യൂയോർക്കിലെ ബഫല്ലോയിലേക്ക് പോകുമ്പോളാണ് ഇവര്‍ അറസ്റ്റിലായത്. അറസ്റ്റിലാകുമ്പോള്‍ തോക്കും കത്തിയും വെടിയുണ്ടകളും അവരുടെ കൈവശമുണ്ടായിരുന്നു.
മാലിന്യത്തിൽ നിന്നാണ് റിസിൻ എന്ന വിഷ പദാര്‍ത്ഥം ഉണ്ടാക്കിയതെന്ന് അവര്‍ കോടതിയില്‍ സമ്മതിച്ചു. കാസ്റ്റർ കുരുക്കളില്‍ നിന്നാണ് ഈ വിഷ പദാര്‍ത്ഥം നിര്‍മ്മിച്ചത്. ഇത് പിന്നീട് ഇവരുടെ വീട്ടില്‍ നിന്നും കണ്ടെത്തിയിരുന്നു. വിഷ പദാര്‍ത്ഥം കത്തിനൊപ്പം ചേര്‍ക്കുകയാണ് ഇവരുടെ രീതി. റിസിന്‍ വിഷത്തിന് ഇതുവരെയും മറുമരുന്ന് കണ്ടെത്തിയിട്ടില്ല. അളവിന് അനുസരിച്ച് 36 മുതൽ 72 മണിക്കൂറിനുള്ളിൽ വിഷം ഒരാളുടെ മരണത്തിന് കാരണമാകുമെന്ന് യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പറയുന്നു. 2014 ല്‍ പ്രസിഡന്റ് ഒബാമയ്ക്ക് മിസിസിപ്പി സ്വദേശി റിസിന്‍ പുരട്ടിയ കത്ത് അയച്ചതിന് അറസ്റ്റിലായിരുന്നു. ഇദ്ദേഹത്തെ പിന്നീട് 25 വര്‍ഷം തടവിന് ശിക്ഷിച്ചു.