സിംഗപ്പൂര്‍ സിറ്റി: യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. സിംഗപ്പൂരിലായിരുന്നു കൂടിക്കാഴ്ച നടത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിയായിരുന്നു കൂടിക്കാഴ്ച. ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായാണ് മോദി സിംഗപ്പൂരിലെത്തിയത്.
വെള്ളിയാഴ്ച മോദി സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സിയന്‍ ലുങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നാവിക മേഖലയില്‍ ഉള്‍പ്പെടെ സുപ്രധാനമായ എട്ട് കരാറുകളിലാണ് മോദിയും ലുങും ഒപ്പുവച്ചത്. ഇന്തോ-പസഫിക് മേഖലയിലെ നാവികസാന്നിധ്യം ഉള്‍പ്പെടെ പൊതുതാത്പര്യമുള്ള പ്രാദേശിക, അന്താരാഷ്ട്ര വിഷയങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തിരുന്നു.
ആസിയാന്‍ അംഗങ്ങളായ മൂന്ന് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധവും ഇടപെടലുകളും വര്‍ദ്ധിപ്പിക്കാനാണ് പ്രധാനമന്ത്രിയുടെ യാത്ര. ഇന്‍ഡോനേഷ്യയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ 15 ധാരണാപത്രങ്ങള്‍ ഒപ്പുവച്ചിരുന്നു. മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ ബിന്‍ മൊഹമ്മദുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 3 രാജ്യങ്ങളും സന്ദര്‍ശിച്ചതിന് ശേഷം ഇന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തും.