യുഎസിലെ ഭരണ സ്തംഭനത്തിന്റെ കാര്യത്തില്‍ ധാരണയിലെത്തി ഡെമോക്രാറ്റുകളും റിപ്പബ്ലിക്കുകളും

വാഷിംഗ്ടണ്‍ ഡിസി: യുഎസിലെ ഭരണ സ്തംഭനത്തിന്റെ കാര്യത്തില്‍ ധാരണയിലെത്തി ഡെമോക്രാറ്റുകളും റിപ്പബ്ലിക്കുകളും. മെക്‌സിക്കന്‍ മതില്‍ നിര്‍മാണത്തിന് ഫണ്ട് അനുവദിക്കാന്‍ ഡെമോക്രാറ്റ് ഭൂരിപക്ഷ ജനപ്രതിനിധിസഭ വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് മുമ്പ് 35 ദിവസം ഭരണസ്തംഭനമുണ്ടായത്. അതോടെ എട്ടുലക്ഷത്തോളം ഫെഡറല്‍ ജീവനക്കാര്‍ക്കാണ് ശമ്പളം മുടങ്ങിയത്. പിന്നീട് ഇടക്കാല ധനവിനിയോഗ ബില്‍ പാസാക്കി ഈ മാസം 15 വരെയുള്ള ട്രഷറി ഇടപാടുകള്‍ സുഗമമാക്കി. പതിനഞ്ചിനുശേഷം വീണ്ടും ട്രഷറി സ്തംഭനം ഉണ്ടാവാതിരിക്കാന്‍ പുതിയ പ്രമേയം കൊണ്ടുവരുന്ന കാര്യത്തില്‍ ഇരു പാര്‍ട്ടികളും ധാരണയിലെത്തിയെന്ന് സെനറ്റര്‍ റിച്ചാര്‍ഡ് ഷെല്‍ബിയാണ് മാധ്യമങ്ങളെ അറിയിച്ചത്.

മതില്‍നിര്‍മാണത്തിനായി 137 കോടി ഡോളര്‍ വകയിരുത്തുമെന്നാണു റിപ്പോര്‍ട്ട്. ട്രംപ് ആവശ്യപ്പെട്ട 570 കോടി ഡോളറിനേക്കാള്‍ വളരെ കുറവാണ് ഈ തുക. നിര്‍ദിഷ്ട പ്രമേയത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇരു സഭകളും ബില്‍ പാസാക്കുകയും ട്രംപ് അംഗീകരിക്കുകയും ചെയ്താല്‍ വീണ്ടും ഒരു ട്രഷറി സ്തംഭനം ഉണ്ടാവാതെ നോക്കാനാവും. കോണ്‍ക്രീറ്റ് മതില്‍ പാടില്ലെന്നു പ്രമേയത്തില്‍ എടുത്തുപറയുന്നുണ്ടെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Top