വാഷിങ്ടണ്‍: ഇന്ത്യ നടത്തിയ ഉപഗ്രഹവേധമിസൈല്‍ പരീക്ഷണം ചാരവിമാനങ്ങള്‍ ഉപയോഗിച്ച് നിരീക്ഷിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ അമേരിക്ക തള്ളി. എന്നാല്‍ ഇന്ത്യയുടെ ആദ്യ എ-സാറ്റ് മിസൈല്‍ പരീക്ഷണത്തെക്കുറിച്ച് അറിയാമായിരുന്നുവെന്ന് അമേരിക്ക വ്യക്തമാക്കി.
ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഡീഗോ ഗാര്‍ഷ്യയിലുള്ള സൈനികത്താവളത്തില്‍ നിന്നും ചാരവിമാനം അയച്ച് അമേരിക്ക ഇന്ത്യന്‍ എ-സാറ്റ് മിസൈല്‍ വിക്ഷേപണം നിരീക്ഷിച്ചു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. സൈനിക വ്യോമ നീക്കങ്ങള്‍ നിരീക്ഷിക്കുന്ന എയര്‍ക്രാഫ്റ്റ് സ്പോട്സ് ആണ് വെളിപ്പെടുത്തിയത്.
ഇന്ത്യയുമായി ശക്തമായ ബന്ധമാണുള്ളതെന്നും പരസ്പര സഹകരണവും സാമ്പത്തിക സഹകരണവും ഉറപ്പുവരുത്തുന്ന ശക്തമായ ബന്ധമാണ് ഇന്ത്യയുമായുള്ളതെന്നും അമേരിക്കന്‍ പ്രതിരോധ വകുപ്പ് വക്താവ് ലഫ്. കേണല്‍ ഡേവിഡ് ഡബ്ല്യൂ ഇസ്റ്റ്ബേണ്‍ പറഞ്ഞു. പരമാധികാരം, സ്വതന്ത്രവും ന്യായവുമായ വ്യാപാരം, അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കല്‍, തര്‍ക്കങ്ങളില്‍ സമാധാനപരമായ തീരുമാനങ്ങളെടുക്കല്‍ എന്നിവയില്‍ ഇരു രാജ്യങ്ങളും പരസ്പര ധാരണയോടെയാണ് നിലനില്‍ക്കുന്നത് എന്നും ഡേവിഡ് ഡബ്ല്യൂ ഇസ്റ്റ്ബേണ്‍ പറഞ്ഞു.