എയര്‍ ഇന്ത്യ 12.15 കോടി ഡോളര്‍ പിഴ നല്‍കാന്‍ ഉത്തരവിട്ട് യു എസ് ഗതാഗത വകുപ്പ്

വാഷിങ്ടണ്‍: ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ യാത്രക്കാര്‍ക്ക് 12.15 കോടി ഡോളര്‍ (989.38 കോടി രൂപ) റീഫണ്ട് ആയി നല്‍കണമെന്ന് ഉത്തരവിട്ട് യുഎസ് ഗതാഗത വകുപ്പ്. ടിക്കറ്റ് കാന്‍സല്‍ ചെയ്തതിന് റീഫണ്ട് തുക കുടിശ്ശികയും കാലാവധിക്കുള്ളില്‍ മടക്കിനല്‍കാത്തതിന് പിഴയായുമാണ് ഇത്രയും തുക എയര്‍ ഇന്ത്യ നല്‍കേണ്ടത്‌.

കോവിഡ് കാലത്ത് വിമാനയാത്ര മുടങ്ങിയവര്‍ക്ക് പണം തിരികെ നല്‍കിയില്ലെന്ന യാത്രക്കാരുടെ പരാതികളെ തുടര്‍ന്നാണ് യുഎസ് അധികൃതര്‍ ഇടപെട്ടത്. റീഫണ്ട് നല്‍കുന്നതിന് കാലതാമസം വരുത്തിയതിന് 14 ലക്ഷം ഡോളര്‍ (11.40 കോടി രൂപ) പിഴയടയ്ക്കാനും ഉത്തരവിട്ടിട്ടുണ്ട്. എയര്‍ ഇന്ത്യ ഉള്‍പ്പടെ ആറ് എയര്‍ലൈനുകള്‍ക്കെതിരെയാണ് നടപടി. ഗതാഗത വകുപ്പിന്റെ ഉത്തരവനുസരിച്ച് ഈ കമ്പനികളെല്ലാം ചേര്‍ന്ന് ആകെ 60 കോടി ഡോളര്‍ റീഫണ്ട് ആയി നല്‍കണം.

ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യ ഏറ്റെടുക്കുന്നതിന് മുമ്പുള്ള കേസുകളിലാണ് യുഎസ് ഇപ്പോള്‍ പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പണം തിരികെ ലഭിക്കാത്തതുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പിന് ലഭിച്ച 1900 കേസില്‍ പകുതിയിലേറെ പരാതിക്കാര്‍ക്ക് 100 ലേറെ ദിവസമെടുത്താണ് എയര്‍ ഇന്ത്യ പണം തിരികെ നല്‍കിയത്.

Top