US dossier bares Pakistan’s role in Pathankot terror attack

ന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ പാകിസ്ഥാന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ അമേരിക്ക ഇന്ത്യയ്ക്ക് കൈമാറി. ദേശീയ അന്വേഷണ ഏജന്‍സി( എന്‍ഐഎ) ക്ക് കൈമാറിയ വിവരങ്ങളില്‍ പത്താന്‍കോട്ട് ആക്രമണത്തില്‍ പാക് ആസ്ഥാനമായ ജെയ്‌ഷെ മുഹമ്മദിന് പങ്കുണ്ടന്ന് വെളിപ്പെടുത്തുന്നു.

ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ കാഷിഫ് ജാന്‍ തന്റെ നാല് കൂട്ടാളികളുമായി നടത്തിയ ആശയവിനിമയത്തിന്റെ വിവരങ്ങളാണ് എന്‍ഐഎയ്ക്ക് കൈമാറിയത്.

പത്താന്‍കോട്ട് ആക്രമണം ആസൂത്രണം ചെയ്തത് പാകിസ്ഥാനിലാണ് എന്ന് തെളിയിക്കുന്ന രേഖകളാണ് ഇത്.

പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ ഉള്ള നാസ്സിര്‍ ഹുസൈന്‍, ഗുജ്രന്‍വാസല സ്വദേശി അബൂബക്കര്‍, സിന്ധ് പ്രവിശ്യയില്‍ നിന്നുള്ള ഉമര്‍ ഫറൂഖ്, അബദുള്‍ ഖയും എന്നിവരുമായി കാഷിഫ് ജാന്‍ നടത്തിയ ഇന്റര്‍നെറ്റ് സംഭാഷണങ്ങളുടെ വിവരങ്ങളാണ് രേഖകളിലുള്ളത്.

ഇയാള്‍ പാകിസ്താനിലെ ജെയ്‌ഷെ മുഹമ്മദിന്റെ മറ്റ് ദൂതന്‍മാരുമായി നടത്തിയ സംഭാഷണങ്ങളുടെ വിവരങ്ങളും കൈമാറിയവയിലുണ്ട്.

പഞ്ചാബില്‍ കടന്ന ഭീകരര്‍ പോലീസ് സൂപ്രണ്ടായ സല്‍വീന്ദര്‍ സിങ്ങിനെ ആക്രമിച്ചതിന് ശേഷം ബന്ധപ്പെട്ടതും കാഷിഫ് ജാനിനേയായിരുന്നു. ഇയാളുടെ ഫെയ്‌സ്ബുക്ക്, വാട്‌സാപ് വിവരങ്ങളും അന്വേഷണ ഏജന്‍സികള്‍പരിശോധിച്ച് വരികയാണ്.

അതേസമയം പഠാന്‍കോട്ട് ആക്രമണം നടത്തിയ ഭീകരര്‍ വിളിച്ച മറ്റൊരു നമ്പറും എന്‍ഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്. മുല്ല ദാദുള്ള എന്നയാളുടേതാണ് ഈ നമ്പരെന്നാണ് കണ്ടെത്തിയിട്ടുള്ളത്. എന്‍ഐഎക്ക് ലഭിച്ചിട്ടുള്ള ഫോണ്‍ നമ്പരുകള്‍ എല്ലാം പാകിസ്ഥാനില്‍ നിന്നുള്ളവയാണ്. ഇവ ആക്രമണം നടക്കുമ്പോഴും പ്രവര്‍ത്തിച്ചിരുന്നു

Top