US drops ‘mother of all bombs’ on Islamic State in Afghanistan

കാബൂള്‍: അഫ്ഗാനിസ്താന്‍- പാകിസ്താന്‍ അതിര്‍ത്തിയിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകര കേന്ദ്രത്തിലേക്ക് ഏറ്റവും വലിയ ആണവേതര ബോംബ് അമേരിക്ക പ്രയോഗിച്ചു. പ്രാദേശിക സമയം രാത്രി 7.32നായിരുന്നു ആക്രമണം.

‘ബോംബുകളുടെ മാതാവ്’ എന്നു വിശേഷിപ്പിക്കുന്ന ഏറ്റവും വലിയ ആണവേതര ബോംബായ ജിബിയു43 ബോംബാണ് വ്യാഴാഴ്ച അഫ്ഗാനിസ്ഥാനില്‍ അമേരിക്ക വര്‍ഷിച്ചത്. ആദ്യമായാണ് ഇത്തരത്തിലുള്ള ബോംബുകള്‍ അമേരിക്ക ഉപയോഗിക്കുന്നത്.

പാക്ക് അതിര്‍ത്തിയോടു ചേര്‍ന്ന അഫ്ഗാനിലെ നന്‍ഗാര്‍ഹര്‍ പ്രവിശ്യയിലാണ് ബോംബിട്ടത്. ഐഎസ് ഭീകരര്‍ ഉപയോഗിക്കുന്ന ടണലുകളും ഗുഹകളും ലക്ഷ്യമിട്ടായിരുന്നു ആക്രമണം.

മാസ്സീവ് ഓര്‍ഡനന്‍സ് എയര്‍ബ്ലാസ്റ്റ് ബോംബ് (എംഒഎബി) എന്ന് പൊതുവെ അറിയപ്പെടുന്ന ഇതിന് ഏകദേശം പതിനൊന്ന് ടണ്‍ സ്ഫോടകവസ്തുക്കള്‍ വഹിക്കാന്‍ സാധിക്കും. ഇതാദ്യമായാണ് ഇത്രയും ഭാരമേറിയ മാരകമായ ബോംബാക്രണം അമേരിക്ക ഏതെങ്കിലും ലക്ഷ്യത്തിലേക്ക് പ്രയോഗിക്കുന്നത്.

ആക്രമണത്തിനായി ആദ്യമായാണ് യുഎസ് ഈ ബോംബുപയോഗിക്കുന്നതെന്നും എംസി130 വിമാനത്തില്‍നിന്നാണ് ഇതു നിക്ഷേപിച്ചതെന്നും പെന്റഗണ്‍ വക്താവ് ആദം സ്റ്റംമ്പ് പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ നിന്ന് ഐഎസിനെ തുടച്ചുനീക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ആക്രമണമെന്നും ആദം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

9797 കിലോ തൂക്കമുള്ള ബോംബാണ് ജിബിയു43. പതിനൊന്നു ടണ്‍ സ്ഫോടകവസ്തുക്കളാണ് ബോംബിലുള്ളത്. ഇറാഖ് യുദ്ധം തുടങ്ങുന്നതിനുമുന്‍പ് 2003 മാര്‍ച്ചിലാണ് ഇതുപരീക്ഷിക്കുന്നത്.

Top