വാഷിങ്ടണ്‍: ഏറ്റവും പുതിയ കണക്കനുസരിച്ച് 43.2 കോടി ഡോളറാണു (ഏകദേശം 3,168 കോടി രൂപ) ട്രംപിനെതിരെ മത്സരിക്കുന്ന ഡമോക്രാറ്റ് സ്ഥാനാര്‍ഥി ജോ ബൈഡന്റെ പ്രചാരണ ഫണ്ട്. തിരഞ്ഞെടുപ്പു ദിനമായ നവംബര്‍ 3 വരെ ദിവസവും വേണമെങ്കില്‍ രണ്ടു കോടി ഡോളര്‍ വരെ ചെലവഴിക്കാന്‍ ഇതു ധാരാളമെന്നു വാഷിങ്ടന്‍ ആസ്ഥാനമായ ഗവേഷക സംഘമായ സെന്റര്‍ ഫോര്‍ റെസ്പോണ്‍സീവ് പൊളിറ്റിക്സ് നിരീക്ഷിക്കുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ ഡോണള്‍ഡ് ട്രംപിന്റെ പ്രചാരണഫണ്ടിനെ നിഷ്പ്രഭമാക്കുന്ന തുകയാണിത്.
ഓണ്‍ലൈന്‍ ധനസമാഹരണത്തിലൂടെയാണ് 20 കോടി ഡോളര്‍ ലഭിച്ചതെന്നു ബൈഡന്റെ പ്രചാരണ മേധാവി ജെന്‍ ഒമേലി ഡിലന്‍ വെളിപ്പെടുത്തി. ആകെ 55 ലക്ഷം പേരാണു സംഭാവന നല്‍കിയത്. കഴിഞ്ഞ മാസം മാത്രം 11 ലക്ഷം പേര്‍ ഫണ്ടിലേക്കു പണം നല്‍കി – ആകെ 38 കോടി ഡോളര്‍. ഈ മാസത്തെ ശരാശരി സംഭാവന 44 ഡോളറിനും 50 ഡോളറിനും ഇടയില്‍. സാധാരണക്കാര്‍ അഞ്ചും പത്തും ഡോളര്‍ സംഭാവന നല്‍കി താഴേത്തട്ടില്‍നിന്നു വന്‍പിന്തുണയാണു പാര്‍ട്ടിക്കു ലഭിച്ചത്. അഭിപ്രായ വോട്ടെടുപ്പു ഫലം പൊതുവെ ബൈഡന് അനുകൂലമാണെങ്കിലും തിരഞ്ഞെടുപ്പു വിജയം കരുതുന്നതുപോലെ എളുപ്പമായിരിക്കില്ലെന്നും പ്രചാരണ മേധാവി സമ്മതിച്ചിട്ടുണ്ട്.