വാഷിംങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റണ്‍ വിജയിച്ചാല്‍ എഫ്ബിഐ മേധാവി ജയിംസ് കോമി തെറിച്ചേക്കും.
ഇമെയില്‍ വിവാദത്തില്‍ ഹിലരിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച എഫ്ബിഐ അധികൃതരുടെ നടപടി ഹിലരിയുടെ എതിരാളി ട്രംപിന് വലിയ ആയുധമായിരുന്നു.
പ്രചരണത്തില്‍ വളരെയേറെ മുന്നോട്ട് പോയിരുന്ന ഹിലരിയെ പ്രതിരോധത്തിലാക്കിയത് എഫ്ബിഐയുടെ ഈ നടപടിയായിരുന്നു.
വിവാദത്തില്‍ ഹിലരിയെ കുറ്റവിമുക്തനാക്കി എഫ്ബിഐ മേധാവി ജയിംസ് കോമി തിങ്കളാഴ്ച രംഗത്ത് വന്നുവെങ്കിലും ഇത് വോട്ടര്‍മാര്‍ക്കിടയില്‍ കാര്യമായ സ്വാധീനം ചെലുത്തിയിട്ടില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ജൂലായ് മാസം എഫ്.ബി.ഐ. എഴുതി തള്ളിയ ഹില്ലരിക്കെതിരായ ഇമെയില്‍ കേസ് പുനഃപരിശോധിക്കുമെന്ന് ഒക്ടോബര്‍ 28ന് വെള്ളിയാഴ്ച യു.എസ്. കോണ്‍ഗ്രസ്സിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് എഫ്.ബി.ഐ. ഡയറക്ടര്‍ ജെയിംസ് കോമി എഴുതിയ കത്താണ് പുറത്തായത്.
ക്ലിന്റന്റെ ഏറ്റവും അടുത്ത സഹായികളായിരുന്നവരില്‍ നിന്നും പിടിച്ചെടുത്ത ഇലക്‌ട്രോണിക് ഉപകരണങ്ങളില്‍ നിന്നും ഹിലരിയുമായി നടത്തിയ ഇമെയിലുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വീണ്ടും അന്വേഷണം പ്രഖ്യാപിച്ചത്.
സ്റ്റേറ്റ് സെക്രട്ടറിയായിരിക്കെ ഇമെയില്‍ അയക്കുന്നതിന് സ്വകാര്യ സെര്‍വര്‍ ഉപയോഗിച്ചത് അശ്രദ്ധ കാരണമാണെന്നും ഇതില്‍ കുറ്റകരമായതൊന്നും ഇല്ലെന്നും കഴിഞ്ഞ ജൂലൈയില്‍ എഫ്.ബി.ഐ വ്യക്തമാക്കിയിരുന്നതാണ്. എന്നാല്‍ പിന്നീട് ഈ നിലപാടില്‍ നിന്നും എഫ്.ബി.ഐ മലക്കം മറിയുകയായിരുന്നു.
ഇമെയില്‍ വിവാദം അന്വേഷിക്കാന്‍ എഫ്.ബി.ഐ തീരുമാനിച്ചതോടെ പ്രചരണത്തില്‍ അപ്രതീക്ഷിത വെല്ലുവിളിയാണ് ഹിലരിക്ക് നേരിടേണ്ടി വന്നത്. എങ്കിലും അവസാന ഘട്ടത്തിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഹിലരിക്കാണ് അഭിപ്രായസര്‍വ്വേകളില്‍ മുന്‍തൂക്കം.
ഹിലരി പ്രസിഡന്റായാല്‍ ഭരണത്തില്‍ മുന്‍പ്രസിഡന്റും ഭര്‍ത്താവുമായ ബില്‍ ക്ലിന്റന്റെയും അടുത്ത സുഹൃത്ത് കൂടിയായ ഇപ്പോഴത്തെ പ്രസിഡന്റ് ബറാക് ഒബാമയുടെയും ഇടപെടലുകള്‍ ഉറപ്പാണ്. ഒബാമ ഭരണകൂടത്തിന്റെ തുടര്‍ച്ച തന്നെയായിരിക്കുമത്.
ഒബാമയുടെ ഭാര്യ മിഷേല്‍ ഒബാമക്ക് ഭരണത്തില്‍ സുപ്രധാന പദവി ലഭിക്കാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തകളും വാഷിംങ്ടണില്‍ നിന്ന് പുറത്ത് വരുന്നുണ്ട്.
ട്രംപിന്റെയും റിപ്പബ്ലിക്കന്‍സിന്റെയും പ്രചരണ മുന്നേറ്റത്തെ പ്രതിരോധിക്കുന്നതില്‍ ഒബാമയും മിഷേലുമാണ് ഡെമോക്രാറ്റിക്കുകളുടെ മുന്നണി പോരാളികളായിരുന്നത്.