വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെ വിജയിപ്പിക്കാന്‍ റഷ്യ സഹായിച്ചതായി അമേരിക്കന്‍ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി.
അമേരിക്കന്‍ പൗരന്‍മാരുമായി റഷ്യന്‍ ഗവണ്‍മെന്റ് നേരിട്ട് ബന്ധം പുലര്‍ത്തിയിരുന്നതായി ഇന്റലിജന്‍സ് ഏജന്‍സി കണ്ടെത്തി.
റഷ്യയുമായി ബന്ധം പുലര്‍ത്തിയവരുടെയും വിക്കിലീക്‌സിന്റെയും സഹായത്തോടെ ഹില്ലരി ക്ലിന്റന്റെ കാംപയിന്‍ ചെയര്‍മാന്റെതടക്കം നിരവധി ഡെമോക്രാറ്റിക്ക് നാഷണല്‍ കമ്മിറ്റി അംഗങ്ങളുടെ ആയിരത്തലധികം മെയിലുകള്‍ ചോര്‍ത്തി നല്‍കിയതായും ഏജന്‍സി കണ്ടെത്തി.
വാഷിങ്ടണ്‍ പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. റഷ്യന്‍ ഗവണ്‍മെന്റുമായി നേരിട്ടു ബന്ധമുള്ള വ്യക്തികള്‍ ട്രംപിന് അനുകൂലമായി പ്രവര്‍ത്തിച്ചതായും ഹില്ലരിയെ താഴ്ത്തിക്കെട്ടാന്‍ മനപ്പൂര്‍വ്വം ശ്രമിച്ചതായും ഇന്റലിജന്‍സ് ഏജന്‍സി അധികൃതര്‍ പ്രതികരിച്ചതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ റഷ്യ തിരഞ്ഞെടുപ്പില്‍ ഇടപെട്ടതായി കരുതുന്നില്ലെന്നും ഇന്റലിജന്‍സ് ഏജന്‍സിയുടെ കണ്ടെത്തലുകള്‍ തള്ളുന്നതായുമാണ് ട്രംപ് പ്രതികരിച്ചത്.
തിരഞ്ഞെടുപ്പില്‍ ക്രമക്കേടുകള്‍ നടന്നതായി ആരോപിച്ച് ഒബാമ നേരത്തെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.