വാഷിങ്ടണ്‍: ജറുസലേം വിഷയത്തില്‍ ലോകവ്യാപകമായി പ്രതിഷേധം പടരുന്നതിനിടെ മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലെ അമേരിക്ക എംബസികളുടെ സുരക്ഷ ശക്തമാക്കി. ജെറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ച പ്രഖ്യാപനം പുറത്തുവന്ന ഉടനെ അറബ് ലോകത്ത് നിന്നടക്കം ശക്തമായ പ്രതിഷേധമാണ് അമേരിക്കക്കും ട്രംപ് ഭരണകൂടത്തിനുമെതിരെ ഉയരുന്നത്. ഏതു സാഹചര്യങ്ങളും നേരിടുന്നതിന് സൈന്യത്തിന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കികഴിഞ്ഞതായി പെന്റഗണ്‍ അധികൃതര്‍ വ്യക്തമാക്കി.
മിഡില്‍ ഈസ്റ്റ്-സെന്‍ട്രല്‍ ഏഷ്യ സ്ഥലങ്ങളിലെ അമേരിക്കന്‍ സൈന്യത്തിന്റെ ചുമതലയുള്ള യു.എസ് സെന്‍ട്രല്‍ കമാണ്ടിനാണ് സുരക്ഷാ ചുമതല ഏല്പിച്ചിരിക്കുന്നത്.അമേരിക്കന്‍ എംബസികള്‍ക്കു പുറമെ അമേരിക്കന്‍ പൗരന്മാരുടെ സംരക്ഷണവും ഉറപ്പാക്കുന്നതിന് ആന്റി ടെററിസം സെക്യൂരിറ്റി ടീം, യു.എസ് മറീന്‍ കോര്‍പ്‌സ് എന്നിവര്‍ക്കും കര്‍ശനമായി നിര്‍ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞു.യു.എസ് നാവിക ടാങ്കറുകള്‍, ഷിപ്പുകള്‍ എന്നിവയില്‍ ഇന്ധനം നിറച്ച് ഏതൊരു അടിയന്തിര സാഹചര്യങ്ങളേയും നേരിടുന്നതിന് സജ്ജമായിരിക്കണമെന്ന് സൈന്യത്തിനോട് നിര്‍ദേശിച്ചിട്ടുണ്ട്.