വാഷിംഗ്ടണ്‍: ഇസ്രയേലിലെ അമേരിക്കൻ എംബസി ടെൽ അവീവിൽ നിന്നും ജറുസലേമിലേക്ക് നീക്കാനുള്ള തീരുമാനത്തിൽ നിന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തത്കാലം പിന്മാറി.
ടെൽ അവീവിൽ നിന്ന് എംബസി മാറ്റാനുള്ള നടപടി ആറു മാസത്തേക്ക് നീട്ടാനുള്ള രേഖയിൽ ട്രംപ് ഒപ്പിട്ടു. നടപടി ഇസ്രയേൽ-പാലസ്തീൻ സമാധാനശ്രമങ്ങളെ ബാധിക്കാൻ സാധ്യതയുള്ളതിനാലാണ് നീക്കമെന്ന് വൈറ്റ്ഹൗസ് പ്രസ്താവന കുറിപ്പിൽ അറിയിച്ചു. എന്നാല്‍ ഇസ്രയേലിനുള്ള ശക്തമായ പിന്തുണ പ്രസിഡന്റ് ട്രംപ് പിൻവലിക്കുകയാണെന്നു ആരും കരുതേണ്ടതില്ലെന്നും വൈറ്റ്ഹൗസ് പറഞ്ഞു.
ഇസ്രയേൽ-പാലസ്തീൻ സമാധാനശ്രമങ്ങൾക്ക് കരുത്തേകാനാണ് ട്രംപിന്റെ തീരുമാനമെന്നും വൈറ്റ്ഹൗസ് അറിയിച്ചു. ജറുസലേമിലേക്ക് യുഎസ് എംബസി മാറ്റാനുള്ള തീരുമാനം നടപ്പായാൽ പശ്ചിമേഷ്യൻ, അറബ് മേഖലകളിലെ വിവിധ രാജ്യങ്ങളുമായുള്ള അമേരിക്കൻ ബന്ധത്തിലും വലിയ വിള്ളൽ ഉണ്ടാകും.
ഒബാമ ഭരണകൂടം ഇസ്രയേല്‍ കുടിയേറ്റത്തിനെതിരായ യുഎന്‍ പ്രമേയം അനുകൂലിച്ചെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുമെന്ന നിലപാടാണ് തിരഞ്ഞെടുപ്പ് പ്രചരണം മുതല്‍ ട്രംപ് സ്വീകരിച്ചുവന്നത്. എംബസി തര്‍ക്ക മേഖലയായ കിഴക്കന്‍ ജറുസലേമിലേക്ക് മാറ്റുമെന്ന പ്രഖ്യാപനം ഇതിന്റെ ഭാഗമായിരുന്നു. എന്നാല്‍ അത്തരം നീക്കങ്ങള്‍ നടന്നാല്‍ സമാധനശ്രമങ്ങളെ തകിടം മറിക്കുമെന്ന് ഫലസ്തീന് പ്രസഡന്റ് മെഹമ്മൂദ് അബ്ബാസ് പ്രതികരിച്ചിരുന്നു.