ലോസാഞ്ചാല്‍സ്: അമേരിക്കയുടെ അതിര്‍ത്തിയില്‍ വേര്‍പിരിഞ്ഞ കുട്ടികളുടെ മാതാപിതാക്കളെ കണ്ടെത്തേണ്ടത് അമേരിക്കന്‍ ഗവണ്‍മെന്റിന്റെ ഉത്തരവാദിത്തമാണെന്ന് ഫെഡറല്‍ ജഡ്ജി ഉത്തരവിട്ടു. സര്‍ക്കാര്‍ സംരക്ഷണയിലുള്ള 572 അഭയാര്‍ത്ഥി കുട്ടികളില്‍ 410 കുട്ടികളുടെ മാതാപിതാക്കളോ, അല്ലെങ്കില്‍ മുതിര്‍ന്നവരോ അമേരിക്കയുടെ പുറത്താണെന്ന് ഗവണ്‍മെന്റിന്റെ കണക്കുകളില്‍ വ്യക്തമാണ്.
നിരവധി മാതാപിതാക്കളാണ് കുട്ടികളില്‍ നിന്ന് അകന്ന് കഴിയുന്നത്. മാതാപിതാക്കളെ കണ്ടെത്താതെ ഇരുന്നാല്‍ കുട്ടികള്‍ അനാഥരായി തന്നെ തുടരുമെന്നും, മാതാപിതാക്കളെയും കുട്ടികളെയും ഒരുമിപ്പിക്കുന്നത് 100 ശതമാനവും സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും യു എസ് ജില്ല ജഡ്ജ് ഡാനാ സാബ്രു, ഡിയാഗോ ഓഫീസുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാക്കി.
മുതിര്‍ന്നവരെ കണ്ടെത്താന്‍ സര്‍ക്കാര്‍ മുന്‍ കൈയ്യെടുക്കണമെന്ന് അദ്ദേഹം ഉത്തരവിട്ടു. ഇതുവരെ 13 മാതാപിതാക്കളെയും കുട്ടികളെയും മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂവെന്നും അദ്ദേഹം സൂചിപ്പിച്ചു. ജൂണ്‍ 20 വരെയുള്ള കണക്കുപ്രകാരം 2053 കുട്ടികളാണു വിവിധ കേന്ദ്രങ്ങളില്‍ കഴിയുന്നത്. ടെക്‌സസിലെ പോര്‍ട്ട് ഇസബെല്‍ സര്‍വീസ് പ്രോസസിങ് സെന്റര്‍ വഴിയാണ് കുട്ടികളെ മാതാപിതാക്കള്‍ക്കരികെ എത്തിക്കുന്നത്. കുട്ടികള്‍ ഏതു കേന്ദ്രത്തിലാണുള്ളതെന്ന് അഭയാര്‍ഥികള്‍ക്കു കണ്ടെത്തുന്നതിനായി സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കൃത്യമായ രേഖകള്‍ കൈവശമില്ലാത്ത മാതാപിതാക്കളുടെ കാര്യത്തില്‍ തീരുമാനം വൈകുമെന്ന് ആശങ്കയുണ്ട്. കൂടുതല്‍ കുഞ്ഞുങ്ങളും ഗ്വാട്ടിമാല, ഹോണ്ടുറാസ്, എല്‍ സാല്‍വദോര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്.
കുടുംബമായി എത്തിയവരുടെ കുട്ടികളെ വേര്‍തിരിച്ചു പ്രത്യേക സെല്ലിലാണ് അടച്ചിരിക്കുന്നത്. ഈ നയ പ്രകാരം നഴ്‌സറിക്കുട്ടികളടക്കം രണ്ടായിരത്തോളം മൈനര്‍മാരെയാണ് മാതാപിതാക്കളില്‍ നിന്നകറ്റി പ്രത്യേക കൂടാര ക്യാമ്പുകളില്‍ പാര്‍പ്പിച്ചിരിക്കുന്നത്.