ന്യൂയോര്‍ക്ക്: ബാലികാ പീഡനകേസുകളില്‍ മാന്‍ഹട്ടന്‍ ജയിലില്‍ കഴിയുന്ന പ്രതി ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ കോടിപതി ജെഫ്രി എപ്‌സ്റ്റെയിനാണ് ആത്മഹത്യ ചെയ്തത്. ജൂലൈ ആറിനാണ് ഇയാള്‍ അറസ്റ്റിലായത്. അവിഹിത ലൈംഗിക കേസുകളിലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസുകളിലും വാര്‍ത്തകളില്‍ നിറഞ്ഞ ആളാണ് ജെഫ്രി.
കഴിഞ്ഞ മാസം അവസാനവും അബോധാവസ്ഥയില്‍ ജെഫ്രിയെ ജയിലില്‍ കണ്ടെത്തിയിരുന്നു. ആത്മഹത്യാശ്രമത്തിനിടെയായിരുന്നു ഇതെന്നായിരുന്നു മാധ്യമ റിപ്പോര്‍ട്ടുകള്‍.
മാന്‍ഹട്ടനിലെ പാം ബീച്ചിലും തന്റെ ബംഗ്ലാവുകളിലും 14 വയസ്സിലും താഴെ പ്രായമുള്ള പെണ്‍കുട്ടികളെ ഇഷ്ടംപോലെ പണവും മറ്റും നല്‍കി പ്രലോഭിപ്പിച്ചു വശംവദരാക്കി പീഡിപ്പിക്കുകയും മറ്റുള്ളവര്‍ക്കു പങ്കുവയ്ക്കുകയും ചെയ്ത കേസുകള്‍ മിക്കവാറും നടന്നത് 2002-2005 കാലഘട്ടത്തിലായിരുന്നു.