ചൈനയിലെ അമേരിക്കന്‍ കമ്പനികളോട് പ്രവര്‍ത്തനം മതിയാക്കാന്‍ ഉത്തരവിട്ട് ട്രംപ്

വാഷിങ്ടണ്‍: അമേരിക്ക- ചൈന വ്യാപാര ബന്ധം വീണ്ടും രൂക്ഷമാകുന്നു. ചൈനയിലെ അമേരിക്കന്‍ കമ്പനികളോട് പ്രവര്‍ത്തനം മതിയാക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടു. ചൈന രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന അമേരിക്കന്‍ ഉല്‍പ്പന്നങ്ങളുടെ നികുതി കൂട്ടിയതാണ് ട്രംപിന്റെ ഈ പുതിയ നീക്കത്തിന് കാരണം. ചൈനയ്ക്ക് പകരം മറ്റ് രാജ്യങ്ങളെ തിരഞ്ഞെടുക്കാനാണ് ട്രംപ് അമേരിക്കന്‍ കമ്പനികളോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

അതേസമയം സ്വകാര്യ കമ്പനികളോട് ഒരു രാജ്യത്തുനിന്ന് പ്രവര്‍ത്തനം മതിയാക്കാനുള്ള ഉത്തരവിടാന്‍ അമേരിക്കന്‍ പ്രസിഡന്റിന് അധികാരമുണ്ടോയെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടില്ല.

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ ചൈന നികുതി കൂട്ടിയെന്നാരോപിച്ച് അമേരിക്ക ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതിച്ചുങ്കം കൂട്ടിയിരുന്നു. ഇതിനുപിന്നാലെ ചൈന അമേരിക്കന്‍ ഉല്‍പ്പന്നങ്ങളുടെ നികുതി വീണ്ടും കൂട്ടി.

രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന 5078 യു.എസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേലാണ് ചൈന ഇറക്കുമതിച്ചുങ്കം ചുമത്തിയിരിക്കുന്നത്.. 5 മുതല്‍ 10 ശതമാനം വരെ നികുതിയാണ് കൂട്ടിയത്. ഇതിന്റെ തുടര്‍ നടപടിയെന്നോണമാണ് അമേരിക്കന്‍ കമ്പനികളോട് ചൈനയിലെ കച്ചവടം നിര്‍ത്താന്‍ ട്രംപ് നിര്‍ദ്ദേശിച്ചത്.

Top