വാഷിങ്ടണ്‍: അമേരിക്കയിൽ പ്രായപൂര്‍ത്തിയായ പകുതിയോളം പേര്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞതായി യുഎസ് പ്രസിഡന്റ് ജൊ ബൈഡന്‍. ട്വിറ്ററിലൂടെയാണ് ബൈഡന്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. അതൊരു വലിയ നീക്കമായിരുന്നെന്നും പ്രസിഡന്റ് അഭിപ്രായപ്പെട്ടു. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്റെ കണക്കുകള്‍ വച്ചാണ് ബൈഡന്റെ പ്രഖ്യാപനം. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് യുഎസ്സില്‍ വാക്‌സിന്‍ നല്‍കിത്തുടങ്ങിയത്. ബൈഡന്‍ അധികാരത്തിലേറുമ്പോള്‍ ഒരു ശതമാനം പ്രായപൂര്‍ത്തിയായവര്‍ക്കുപോലും വാക്‌സിന്‍ നല്‍കിക്കഴിഞ്ഞിരുന്നില്ലെന്ന് വൈറ്റ് ഹൗസ് കൊവിഡ് അഡ് വൈസര്‍ ആന്‍ഡി സ്ലാവിറ്റ് പറഞ്ഞു.
ജൂലൈ നാലിനുള്ളില്‍ രാജ്യത്തെ 70 ശതമാനം പേര്‍ക്കും ഒരു ഡോസ് വാക്‌സിന്‍ നല്‍കുകയാണ് ബൈഡന്റെ അടുത്ത പദ്ധതി. ഇതുവരെ ഏകദേശം 159 ദശലക്ഷം വരുന്ന 61.6 ശതമാനം അമേരിക്കക്കാര്‍ക്കാണ് ഒരു ഡോസ് വാക്‌സിനെങ്കിലും നല്‍കിയിട്ടുളളത്. ഫൈസര്‍, ബയോഎന്‍ടെക്‌സ്, മൊഡേര്‍ണ വാക്‌സിനുകള്‍ക്കാണ് അമേരിക്കയില്‍ അടിയന്തര ഉപയോഗത്തിനുളള അനുമതി നല്‍കിയിരിക്കുന്നത്. ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍ കമ്പനിയുടെ വാക്‌സിന് ഫെബ്രുവരിയില്‍ അനുമതി നല്‍കി.