20 ഭീകരസംഘടനകളുടെ പട്ടിക പാകിസ്താന് കൈമാറി അമേരിക്ക

pak-america

ഇസ്ലാമാബാദ്: ഇന്ത്യയെയും അഫ്ഗാനിസ്താനെയും ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്നതടക്കം 20 ഭീകര സംഘടനകളുടെ പട്ടിക പാകിസ്താന് കൈമാറി അമേരിക്ക.

ഹഖാനി നെറ്റ്വര്‍ക്കാണ് പട്ടികയില്‍ ഒന്നാമത്. ലശ്കറെ ത്വയ്യിബ, ജയ്ശെ മുഹമ്മദ്, ഹര്‍കതുല്‍ മുജാഹിദീന്‍ അല്‍ഇസ്ലാമി, ഹര്‍കതുല്‍ ജിഹാദുല്‍ ഇസ്ലാമി, ജമാഅതുല്‍ അഹ്റാര്‍, ജമാഅതുദ്ദഅ്വ അല്‍ ഖുര്‍ആന്‍, താരീഖ് ഗിദാര്‍ ഗ്രൂപ് തുടങ്ങിയ ഭീകരഗ്രൂപ്പുകളും ഉള്‍പ്പെട്ടിട്ടുണ്ട്.

താരീഖ് ഗിദാറാണ് പെഷവാര്‍ സൈനിക സ്‌കൂളില്‍ 132 വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം നടത്തിയത്.

അഫ്ഗാനിസ്താനില്‍ ആക്രമണം നടത്തുന്നവര്‍, പാകിസ്താനെ ലക്ഷ്യമിടുന്നവര്‍, കശ്മീരില്‍ ആക്രമണം ആസൂത്രണം ചെയ്യുന്നവര്‍ എന്നിങ്ങനെ മൂന്നുതരം ഭീകരസംഘടനകളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്ന് പാക് പത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.

ഹര്‍കതുല്‍ മുജാഹിദീന്‍, ജയ്ശെ മുഹമ്മദ്, ലശ്കറെ ത്വയ്ബ എന്നിവര്‍ ഇന്ത്യയെ മാത്രം ലക്ഷ്യമിട്ടാണ് പ്രവര്‍ത്തനം. കശ്മീര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹര്‍കതുല്‍ മുജാഹിദീന് ഉസാമ ബിന്‍ ലാദിന്റെ അല്‍ ഖാഇദയുമായി നല്ല ബന്ധമുണ്ട്. കശ്മീര്‍ ആണ് ജയ്ശിന്റെയും മുഖ്യകേന്ദ്രം. ഹഖാനി നെറ്റ്വര്‍ക് അഫ്ഗാനിസ്താനെതിരായാണ് പ്രവര്‍ത്തിക്കുന്നത്.

ദക്ഷിണേഷ്യയിലെ ഏറ്റവും വലുതും സജീവവുമായ ഭീകരസംഘടനയായി യു.എസ് വിലയിരുത്തുന്നത് ലശ്കറെ ത്വയ്യിബയെയാണ്. 1987ല്‍ പഞ്ചാബ് ആസ്ഥാനമായി ഹാഫിസ് സഈദ്, അബ്ദുല്ല അസാം, സഫര്‍ ഇക്ബാല്‍ എന്നിവര്‍ ചേര്‍ന്ന് അഫ്ഗാനിസ്താനില്‍ സ്ഥാപിച്ചതാണ് ലശ്കറെ ത്വയ്ബ. 2001-ലെ പാര്‍ലമന്റെ് ആക്രമണത്തിലും 2008-ലെ മുംബൈ ഭീകരാക്രമണത്തിലും ലശ്കറിന് പങ്കുണ്ട്. തഹ്രീകെ താലിബാന്റെ (ടി.ടി.പി) കീഴില്‍ നിരവധി ചെറുസംഘങ്ങളുണ്ട്. അഫ്ഗാനിസ്താനാണ് സംഘടനയുടെ പ്രവര്‍ത്തനകേന്ദ്രം. വ്യക്തമായ തെളിവുകളോടെയാണ് യു.എസ് പട്ടിക കൈമാറിയത്. തീവ്രവാദ സംഘങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.

അതേസമയം, ഇസ്ലാമാബാദ് സന്ദര്‍ശിച്ചപ്പോള്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ്‍ 75 ഭീകരരുടെ പട്ടിക കൈമാറിയെന്ന റിപ്പോര്‍ട്ട് പാക് അധികൃതര്‍ നിഷേധിച്ചു.

Top