വാഷിംഗ്ടണ്‍: യുഎന്‍ രക്ഷാസമിതിയുടെ സ്ഥിരാംഗത്വത്തില്‍ നിന്ന് റഷ്യയെ നീക്കണമെന്ന യുക്രെനിന്റെ ആവശ്യത്തെ പിന്തുണയ്ക്കില്ലെന്ന് അമേരിക്ക. അത്തരമൊരു നീക്കം അംഗീകരിക്കാനാകില്ല. ഇക്കാര്യമാവശ്യപ്പെട്ട് യുക്രെന്‍ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബ നടത്തിയ പ്രസ്താവന അമേരിക്ക തള്ളിക്കളഞ്ഞു.
സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ യുദ്ധരംഗത്തുള്ള രാജ്യങ്ങള്‍ ആയുധം താഴെ വയ്ക്കണമെന്നാവശ്യപ്പെട്ട് നടന്ന യോഗത്തിലാണ് ദിമിത്രോ കുലേബ റഷ്യയ്‌ക്കെതിരെ ആഞ്ഞടിച്ചത്. തങ്ങളുടെ രാജ്യത്തേക്ക് കടന്നുകയറി യുദ്ധം തുടങ്ങിയ റഷ്യയുടെ നീക്കത്തിന്റെ അടിസ്ഥാനത്തില്‍ റഷ്യയുടെ സ്ഥിരാംഗത്വം റദ്ദാക്കണമെന്ന് യുക്രെന്‍ വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു.
”അന്താരാഷ്ട്രനിയമങ്ങള്‍ പരിശോധിച്ചാല്‍, യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ സ്ഥിരാംഗത്വം കയ്യാളുന്ന റഷ്യയുടെ സ്ഥാനം നിയമവിരുദ്ധമാണെന്ന് തെളിയും. റഷ്യയുടെ നീക്കം ഒരു തരത്തിലും അംഗീകരിക്കാനാവുന്നതല്ല. പ്രതിരോധിക്കുകയാണ് യുക്രെന്‍ ചെയ്യുന്നത്. പ്രത്യാക്രമണം ഞങ്ങളൊരിക്കലും നടത്തിയിട്ടില്ല”, വീഡിയോ സന്ദേശത്തില്‍ യുക്രെന്‍ വിദേശകാര്യമന്ത്രി പറഞ്ഞു.
റഷ്യയുടെ യുക്രെന്‍ അധിനിവേശത്തെ അപലപിച്ച് യുഎന്‍ രക്ഷാ സമിതിയില്‍ വെള്ളിയാഴ്ച അവതരിപ്പിച്ച പ്രമേയം പാസായിരുന്നില്ല. യുഎസും അല്‍ബേനിയയും ചേര്‍ന്നവതരിപ്പിച്ച പ്രമേയത്തെ 15 അംഗസമിതിയിലുള്ള 11 രാജ്യങ്ങള്‍ അനുകൂലിച്ചെങ്കിലും സ്ഥിരാംഗമെന്ന നിലയില്‍ റഷ്യ വീറ്റോ ചെയ്തു. ഇതോടെ പ്രമേയം പാസ്സായില്ല. ഈ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ, യുഎഇ, ചൈന എന്നീ രാജ്യങ്ങള്‍ വിട്ടുനില്‍ക്കുകയും ചെയ്തു.