കോടികള്‍ ചെലവിട്ട് സ്വകാര്യ വിമാനയാത്ര; യുഎസ് ആരോഗ്യ സെക്രട്ടറി രാജിവച്ചു

വാഷിംഗ്ടണ്‍: അമേരിക്കയിലെ ആരോഗ്യവകുപ്പ് സെക്രട്ടറി ടോം പ്രൈസ് രാജിവച്ചു.

ഔദ്യോഗിക ആവശ്യത്തിന് സ്വകാര്യ വിമാനം വാടകയ്ക്ക് എടുത്തത് വിവാദമായതിനെ തുടര്‍ന്നാണ് രാജി. പ്രൈസിന്റെ രാജി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്വീകരിച്ചു. ഡോണ്‍ ജെ. റൈറ്റിനെ താത്കാലിക ആരോഗ്യ സെക്രട്ടറിയായി നിയമിച്ചുവെന്നും വൈറ്റ്ഹൗസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കഴിഞ്ഞ മെയ് മുതല്‍ ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് ടോം പ്രൈസ് 26 തവണ സ്വകാര്യ വിമാനയാത്ര നടത്തി. പൊതുഖനാവില്‍ നിന്ന് നാലു ലക്ഷം ഡോളര്‍(2.61 കോടി രൂപ) ചെലവിട്ടായിരുന്നു വിമാനയാത്ര. ഇത്രയധികം തുക ചെലവിട്ടത്തില്‍ ട്രംപ് നീരസം പ്രകടിപ്പിച്ചിരുന്നു. ഇതോടെ പ്രൈസ് ക്ഷമാപണം നടത്തിയിരുന്നു. എന്നാല്‍ ആരോപണങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന കാര്യങ്ങള്‍ അസ്വസ്ഥതയുണ്ടാക്കിയെന്നും സ്ഥാനമൊഴിയുകയാണെന്നും രാജിക്കത്തില്‍ പ്രൈസ് പറഞ്ഞു.

രാഷ്ട്രീയ വാര്‍ത്താ വെബ്സൈറ്റായ പൊളിറ്റിക്കോ നടത്തിയ അന്വേഷണത്തില്‍ പ്രൈസ് വിമാനയാത്രകള്‍ക്ക് വേണ്ടി 10 ലക്ഷം ഡോളര്‍(6.52 കോടി രൂപ) ഉപയോഗിച്ചിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. സ്വകാര്യ വിമാനത്തിന്റെ വാടകയിനത്തില്‍ ചെലവിട്ടതിനു പുറമെ സൈനിക വിമാനം ഉപയോഗിച്ചതിന്റെ ചെലവും കൂടി ഉള്‍പ്പെടുത്തിയാണ് കണക്കുകളെന്ന് പൊളിറ്റിക്കോ റിപ്പോര്‍ട്ടില്‍ പറയുന്നു.

ട്രംപ് മന്ത്രിസഭയിലെ മറ്റു മൂന്നു പേരും സ്വകാര്യ വിമാനയാത്ര നടത്തുന്നതുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്നുണ്ട്.

Top