സാന്‍ഫ്രാന്‍സിസ്‌കോ : കുടിയേറ്റ വിഷയത്തില്‍ ഡോണള്‍ഡ് ട്രംപിന് വീണ്ടും തിരിച്ചടി. യു.എസില്‍ പ്രവേശിക്കുന്ന കുടിയേറ്റക്കാര്‍ക്ക് അഭയം നല്‍കുന്നത് വിലക്കിയ ട്രംപിന്റെ ഉത്തരവ് പുനഃസ്ഥാപിക്കാനാവില്ലെന്ന് യു.എസ് അപ്പീല്‍ കോടതി വിധിച്ചു.
നവംബര്‍ ഒമ്പതിനാണ് കുടിയേറ്റനിയമം ശക്തമാക്കി ട്രംപ് ഉത്തരവിറക്കിയത്. നിയമാനുസൃത വഴിയിലൂടെ രാജ്യത്ത് എത്തുന്ന കുടിയേറ്റക്കാര്‍ക്കു മാത്രമേ അഭയം നല്‍കൂവെന്നായിരുന്നു ട്രംപിന്റെ നിലപാട്. എന്നാല്‍ ഉത്തരവിനെതിരെ യു.എസിലെ പൗരാവകാശ ഗ്രൂപ്പുകള്‍ കോടതിയെ സമീപിക്കുകയായിരുന്നു.
നടപടിയെ അസംബന്ധം എന്ന് വിശേഷിപ്പിച്ച യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്മന്റെ് വിലക്കിനെതിരെ നയന്‍ത് സര്‍ക്യൂട്ട് കോടതിയെ സമീപിക്കുകയായിരുന്നു. ഉത്തരവ് ഭരണ, കുടിയേറ്റ നിയമങ്ങള്‍ക്ക് എതിരാണെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്.
കഴിഞ്ഞമാസം സാന്‍ഫ്രാന്‍സിസ്‌കോ ജഡ്ജി, കുടിയേറ്റ വിരുദ്ധം നിയമം താല്‍ക്കാലികമായി സ്‌റ്റേ ചെയ്തിരുന്നു. റിപ്പബ്ലിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു. ബുഷ് നിയമിച്ച ജഡ്ജി ജെ ബിബീയാണ് ഉത്തരവിറക്കിയത്. ട്രംപിന്റെ നയം അതിരുകടന്നതാണെന്ന കീഴ്‌ക്കോടതി നിലപാടിനോട് യോജിക്കുകയായിരുന്നു ജഡ്ജി.