ദക്ഷിണ ചൈന കടലിലെ യുഎസ് ഇടപെടല്‍; സ്പ്രാറ്റി ദ്വീപിനു മുകളിലൂടെ പറന്ന് ചൈന!!

വാഷിങ്ടന്‍: ദക്ഷിണ ചൈന കടലിലെ യുഎസ് സൈനിക ഇടപെടലുകള്‍ക്കു മറുപടിയായെന്നോണം സ്പ്രാറ്റി ദ്വീപിനു മുകളിലൂടെ ചൈനീസ് യുദ്ധവിമാനങ്ങള്‍ വട്ടമിട്ടു പറന്നതായി രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. അത്യാധുനിക മിസൈലുകളും യുദ്ധ ഉപകരണങ്ങളും ഘടിപ്പിച്ച യുദ്ധവിമാനങ്ങള്‍ മണിക്കൂറുകളോളം ഈ മേഖലയില്‍ പറന്നതായാണ് റിപ്പോര്‍ട്ട്.

പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി പാരസെല്‍ ദ്വീപില്‍ സൈനിക പരിശീലനം നടത്തുന്നുവെന്ന് ആരോപിച്ചാണ് മേഖലയില്‍ യുഎസ് സൈനിക നീക്കം ശക്തമാക്കിയത്. രാജ്യാന്തര വേദികളിലെ വാക്‌പ്പോരിലൂടെയും ആയുധപരീക്ഷണം നടത്തിയും മറ്റും സ്വന്തമെന്നു സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്ന മേഖലയില്‍ അമേരിക്കയുടെ പടക്കപ്പലുകള്‍ വെല്ലുവിളിയുമായി എത്തിയതോടെയാണു ശക്തമായ മുന്നറിയിപ്പുമായി ചൈന രംഗത്തെത്തിയത്.

ദക്ഷിണ ചൈന കടല്‍ ചൈനയുടെ സമുദ്ര സാമ്രാജ്യമല്ലെന്നും രാജ്യാന്തര നിയമം ലംഘിക്കുകയാണെന്നുമുള്ള യുഎസ് മുന്നറിയിപ്പ് അവഗണിച്ചാണ് മേഖലയില്‍ ചൈന ചുവടുറപ്പിക്കുന്നത്. ചൈനയും യുഎസും പരസ്പരം പോര്‍വിളികളുമായി മേഖലയില്‍ നിലയുറപ്പിച്ചതോടെ മേഖലയിലെ സമാധാന ശ്രമങ്ങള്‍ക്ക് കടുത്ത തിരിച്ചടി നേരിട്ടു.

ദക്ഷിണ ചൈനാ കടലില്‍ ചൈന സ്ഥാപിച്ച കൃത്രിമ ദ്വീപുകള്‍ പിടിച്ചെടുക്കുമെന്ന് നേരത്തേ അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. പാരസെല്‍ ദ്വീപുകള്‍ക്കു 12 നോട്ടിക്കല്‍ മൈല്‍ ദൂരത്ത് അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ പതിവായി നിരീക്ഷണം നടത്തുന്നുണ്ട്. ട്രീ, ലിങ്കണ്‍, ട്രിറ്റണ്‍, വൂഡി ദ്വീപുകളിലും യുഎസ് കപ്പലുകള്‍ പരിശോധന നടത്തിയിരുന്നു. ദ്വീപുകള്‍ നിര്‍മിച്ചിരിക്കുന്ന കടല്‍ ഭാഗങ്ങള്‍ രാജ്യാന്തര പാതയുടെ ഭാഗമാണെന്നും ഇവിടെ ഏതു രാജ്യത്തിന്റെ കപ്പലുകള്‍ക്കും സഞ്ചരിക്കാമെന്നുമാണ് യുഎസ് വാദം.

Top