ന്യൂഡല്‍ഹി : അമേരിക്കയുമായുള്ള ഭിന്നത സംബന്ധിച്ച് രൂക്ഷ വിമര്‍ശനവുമായി ഇറാന്‍ രംഗത്ത്. അമേരിക്ക അനാവശ്യ വിവാദങ്ങളും പ്രശ്‌നങ്ങളും സൃഷ്ടിക്കുകയാണെന്ന് ഇറാനിയന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് സരീഫ് പറഞ്ഞു. ഇറാന്‍ ഒരിക്കലും അമേരിക്കയുമായുള്ള പ്രശ്‌നങ്ങള്‍ മൂര്‍ച്ഛിക്കുന്നതിന് വഴിയൊരുക്കിയിട്ടില്ലെന്നും സരീഫ് വ്യക്തമാക്കി.
ഇറാനെ ആശങ്കയിലാഴ്ത്തി പേര്‍ഷ്യന്‍ ഗള്‍ഫിലേക്ക് അമേരിക്ക ബോംബര്‍ വിമാനങ്ങള്‍ അയച്ചിരുന്നു. യുദ്ധവിമാനങ്ങളെ വിന്യസിച്ചു കൊണ്ടുള്ള അമേരിക്കന്‍ നീക്കത്തില്‍ പശ്ചിമേഷ്യ ആശങ്കയിലായിക്കുകയാണ്.
ഇറാനെ ലക്ഷ്യം വെച്ച് എബ്രഹാം ലിങ്കണ്‍ എന്ന പടക്കപ്പല്‍ അയച്ചതിന് പിന്നാലെയാണ് അമേരിക്കയുടെ പുതിയ നീക്കം.ബി 52 ബോംബര്‍ വിമാനങ്ങളാണ് ഇറാന് സമീപത്തായി തമ്പടിക്കുക. ഖത്തറിലെ അല്‍ ഉബൈദ് വ്യോമ താവളത്തില്‍ ബോംബര്‍ വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ അമേരിക്കന്‍ വ്യോമസേന പുറത്തുവിട്ടിരുന്നു.
അമേരിക്കയുടെ നേതൃത്വത്തില്‍ 2015ല്‍ വന്‍ശക്തി രാഷ്ട്രങ്ങളുമായി ഒപ്പുവെച്ച ആണവ കരാറില്‍ നിന്ന് ഇറാന്‍ ഭാഗികമായി പിന്മാറിയിരുന്നു. ഉടമ്പടിയില്‍ ഒപ്പുവെച്ച രാഷ്ട്രങ്ങള്‍ കരാര്‍ പാലിക്കുന്നില്ലെന്നാരോപിച്ചാണ് പിന്മാറ്റം.
ഇറാന്റെ കൈവശമുള്ള ആണവായുധങ്ങളുടെ പേരിലാണ് അമേരിക്കയും ഇറാനുമിടയില്‍ ശത്രുത ഉടലെടുത്തത്. ഒബാമ സര്‍ക്കാരും ഇറാന്‍ ഭരണകൂടവും തമ്മിലുള്ള ആണവകരാറില്‍ നിന്ന് ട്രംപ് അധികാരത്തില്‍ എത്തിയ ശേഷം അമേരിക്ക ഏകപക്ഷീയമായി പിന്മാറിയിരുന്നു.ഇറാന്റ കൈവശമുള്ള അണുവായുധ ശേഖരം കൂടുതല്‍ അന്താരാഷ്ട്ര പരിശോധനകള്‍ക്ക് വിധേയമാക്കണമെന്നാണ് ട്രംപിന്റെ ആവശ്യം. ഒപ്പം ഇറാന്‍ സൈന്യത്തിന്റെ ഭാഗമായുള്ള റെവല്യൂഷന്‍ ഗാര്‍ഡിനെ നിരോധിക്കണമെന്നും അമേരിക്ക ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇക്കാര്യങ്ങള്‍ ഇറാന്‍ തള്ളി. ഇതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്.