കാബൂള്‍: കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് ചാവേര്‍ സ്ഫോടനം ആസൂത്രണം ചെയ്ത ഐഎസ് തലവനെ ഡ്രോണ്‍ ആക്രമണത്തില്‍ വധിച്ചതായി യുഎസ്. നംഗര്‍ഹാര്‍ പ്രവിശ്യയിലാണ് ആക്രമണം നടത്തിയതെന്നും ആദ്യ സൂചനയനുസരിച്ച് ഇസ്ലാമിക് സ്റ്റേറ്റ് ഖൊരാസന്‍ നേതാവ് കൊല്ലപ്പെട്ടെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ക്യാപ്റ്റന്‍ ബില്‍ അര്‍ബന്‍ പറഞ്ഞു. സിവിലിയന്മാര്‍ക്ക് പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് ലോകത്തെ ഞെട്ടിച്ച് കാബൂള്‍ വിമാനത്താവളത്തിന്റെ ഗേറ്റില്‍ ഐഎസ് ചാവേര്‍ ആക്രമണം നടത്തിയത്. സ്ഫോടനത്തില്‍ 13 അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 170 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ബോംബ് സ്ഫോടനം നടന്നതിന് ശേഷം ഇന്ന് അമേരിക്ക പൗരന്മാരെ തിരിച്ചെത്തിക്കുന്നത് തുടര്‍ന്നു. കനത്ത സുരക്ഷ ഒരുക്കിയാണ് ഒഴിപ്പിക്കല്‍ തുടരുന്നത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു.
ആക്രമണം നടത്തിയവര്‍ക്കെതിരെ തിരിച്ചടിയുണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് അമേരിക്ക ഡ്രോണ്‍ ആക്രമണം നടത്തിയത്.