വാഷിങ്‌ടൺ: റഷ്യക്കെതിരായ പ്രത്യാക്രമണത്തിന് ആക്കം കൂട്ടാൻ ഉക്രയ്‌ന് അമേരിക്കയുടെ വൻ ആയുധസഹായം. 100 കോടി ഡോളർ മതിക്കുന്ന റോക്കറ്റുകളും മറ്റ് വെടിക്കോപ്പുകളുമാണ് നൽകുന്നത്. നാലുമാസമായി തുടരുന്ന യുദ്ധത്തിൽ ഇത് പതിനെട്ടാം തവണയാണ് അമേരിക്ക ഉക്രയ്‌ന് സൈനിക സഹായം എത്തിക്കുന്നത്. ഖെർസൺ, നിപ്രോ നദിയോട് ചേർന്ന മേഖലകൾ എന്നിവിടങ്ങളിൽനിന്ന് റഷ്യൻ സൈന്യത്തെ ഒഴിപ്പിക്കാനാണ് ഉക്രയ്‌ന്റെ ശ്രമം. ഇതിനായാണ് അമേരിക്ക കൂടുതൽ സഹായം വ്യക്തമാക്കുന്നത്. റോക്കറ്റുകൾ, വെടിയുണ്ടകൾ, മോർട്ടാറുകൾ, മറ്റ് സ്ഫോടകവസ്തുക്കൾ എന്നിവയാണ് അമേരിക്ക അയക്കുന്നത്. മേയിൽ കോൺഗ്രസ് അംഗീകരിച്ച 4000 കോടി ഡോളറിന്റെ ഉക്രയ്‌ൻ സുരക്ഷാ പാക്കേജിൽ ഉൾപ്പെടുത്തിയാണ് സഹായം. ഉക്രയ്‌ന് ഇതുവരെ നൽകിയതിൽ ഏറ്റവും വലിയ ആയുധസഹായമാണ് ഇതെന്ന് ജോ ബൈഡൻ സർക്കാർ വ്യക്തമാക്കി. ഉക്രയ്‌ന് 300 കോടി ഡോളർ സാമ്പത്തിക സഹായം നൽകുമെന്ന് യുഎസ് ട്രഷറി ഡിപ്പാർട്‌മെന്റും പ്രഖ്യാപിച്ചിട്ടുണ്ട്.