മെഡിക്കല്‍ ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ് അവഗണിച്ചു ! അമേരിക്കയ്ക്ക് സംഭവിച്ചത് ?

വാഷിങ്ടണ്‍: കോവിഡ് രോഗത്തെപ്പറ്റി കൃത്യമായ മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടും മുന്‍കരുതല്‍ സ്വീകരിക്കാതെ അധികൃതര്‍ കാട്ടിയ അനാസ്ഥയാണ് അമേരിക്കയില്‍ ആയിരങ്ങളുടെ ജീവനെടുക്കാന്‍ കാരണമെന്ന നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.

കൊറോണ വൈറസ് വ്യാപനത്തെക്കുറിച്ച് ഫെബ്രുവരി അവസാനംതന്നെ അമേരിക്കയ്ക്ക് മെഡിക്കല്‍ ഇന്റലിജന്‍സ് വിഭാഗം കൃത്യമായ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും മാത്രമല്ല 30 ദിവസത്തിനുള്ളില്‍ ഈ വൈറസ് വ്യാപനം മഹാമാരിയായി മാറുമെന്ന് ഫെബ്രുവരി 25നു തന്നെ ഇന്റലിജന്‍സ് യുഎസ് അധികൃതരെ അറിയിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വൈറസിനെ ഓര്‍ത്ത് ആരും ആശങ്കപ്പെടേണ്ടതില്ലെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പറയുന്ന സമയത്താണ് ഈ മുന്നറിയിപ്പു നല്‍കിയത്. അമേരിക്കയില്‍ സംഭവിച്ചത്. വാഷിങ്ടണില്‍ നിന്ന് ഒരു മണിക്കൂര്‍ സഞ്ചരിച്ചാല്‍ എത്താന്‍ കഴിയുന്ന യുഎസ് സൈനിക കേന്ദ്രത്തിലാണ് നാഷണല്‍ സെന്റര്‍ ഫോര്‍ മെഡിക്കല്‍ ഇന്റലിജന്‍സ് പ്രവര്‍ത്തിക്കുന്നത്. വിദേശത്തുള്ള യുഎസ് പൗരന്മാരുടെയും സൈനികരുടെയും ജീവിതം അപകടത്തിലാക്കുന്ന തരത്തില്‍ രാജ്യാന്തര തലത്തില്‍ ആരോഗ്യഭീഷണി ഉയരുന്നുണ്ടോ എന്നു നിരീക്ഷിച്ചു മുന്നറിപ്പു നല്‍കുകയാണ് എന്‍സിഎംഐ ചെയ്യുന്നത്.

2020 മാര്‍ച്ച് 11നാണ് ലോകാരോഗ്യസംഘടന കോവിഡിനെ മഹാമാരിയായി പ്രഖ്യാപിച്ചത്. അതിനും 15 ദിവസം മുന്‍പു തന്നെ പുതിയ വൈറസിനെക്കുറിച്ച് മെഡിക്കല്‍ ഇന്റലിജന്‍സ് മുന്നറിയിപ്പു നല്‍കിയിരുന്നു. മുന്നറിയിപ്പു ലഭിക്കുമ്പോള്‍ അമേരിക്കയില്‍ ചിലര്‍ക്ക് വൈറസ് ബാധയുണ്ടായിരുന്നു.

എന്നാല്‍ അമേരിക്കയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നാണ് ആ സമയത്ത് ഇന്ത്യയിലായിരുന്ന ട്രംപ് ട്വീറ്റ് ചെയ്തത്. പിന്നീട് അമേരിക്കയില്‍ പടര്‍ന്നു പിടിച്ച വൈറസ് ഇതിനോടകം 26,000-ല്‍ അധികം ആളുകളുടെ ജീവനാണെടുത്തത്.

എന്‍സിഎംഐ നിരീക്ഷണങ്ങള്‍ പ്രതിരോധ, ആരോഗ്യ സെക്രട്ടറിമാര്‍ ഉള്‍പ്പെടെയുള്ളവരെയാണ് അറിയിക്കുന്നത്. ഫെബ്രുവരി 25ന്റെ മുന്നറിയിപ്പ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ഉള്‍പ്പെടെയുള്ളവരെ അറിയിച്ചിരുന്നു. ട്രംപും വൈറ്റ് ഹൗസും ഈ റിപ്പോര്‍ട്ട് കണ്ടിരുന്നോ എന്നു സ്ഥിരീകരിച്ചിട്ടില്ല.

പകര്‍ച്ചവ്യാധി വിദഗ്ധര്‍, വൈറോളജിസ്റ്റുകള്‍, കെമിക്കല്‍ എന്‍ജിനീയര്‍മാര്‍, ടോക്‌സിക്കോളജിസ്റ്റുകള്‍, ബയോളജിസ്റ്റുകള്‍, മിലിറ്ററി മെഡിക്കല്‍ വിദഗ്ധര്‍ തുടങ്ങി നൂറിലേറെ പേരാണ് മേരിലാന്‍ഡിലെ ഫ്രെഡറിക്കിലുള്ള എന്‍സിഎംഐയില്‍ പ്രവര്‍ത്തിക്കുന്നത്.

മധ്യപൂര്‍വ്വദേശത്ത് ഏതെങ്കിലുമൊരു ഡോക്ടര്‍ ഒരു വൈറസിനെക്കുറിച്ച് സമൂഹമാധ്യമത്തില്‍ ആശങ്ക പ്രകടിപ്പിച്ചാലും അത് മെഡിക്കല്‍ ഇന്റലിജന്‍സ് വിഭാഗത്തിന്റെ ശ്രദ്ധയില്‍പെട്ടിരിക്കും.മാത്രമല്ല ലോകാരോഗ്യ സംഘടനയ്ക്കു പോലും ലഭിക്കാത്ത വിവരങ്ങളും ഇവരുടെ കൈവശമുണ്ട്. 17 അമേരിക്കന്‍ ചാരസംഘടനകള്‍ ശേഖരിക്കുന്ന വിവരങ്ങളും ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സംഘത്തിനു ലഭിച്ചുകൊണ്ടേയിരിക്കും.

എബോള, ഫ്‌ളൂ പോലുള്ള പകര്‍ച്ച വ്യാധികള്‍ ഒരു സ്ഥലത്ത് ഏതു രീതിയിലാണു പടരുന്നതെന്ന് നിരീക്ഷിക്കാന്‍ ഭൂപടങ്ങളും സാറ്റലൈറ്റ് ചിത്രങ്ങളും നാഷനല്‍ ജിയോസ്പാറ്റിയല്‍ ഇന്റലിജന്‍സ് ഏജന്‍സിയില്‍ നിന്ന് ലഭിക്കും. ഇത്രയും വിവരങ്ങള്‍ ലഭിച്ചാലും മുന്‍കരുതല്‍ സ്വീകരിക്കാന്‍ ഏതെങ്കിലും രാജ്യം തയാറായില്ലെങ്കില്‍ അത് വന്‍ദുരന്തത്തില്‍ കലാശിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Top