നാല് വര്‍ഷത്തിനുള്ളില്‍ സൈനികര്‍ നേരിടേണ്ടിവന്നത് 20,348 ലൈംഗികാതിക്രമങ്ങളെന്ന് അമേരിക്ക

വാഷിംഗ്ടണ്‍: ലോകമെമ്പാടുമുള്ള സ്ഥലങ്ങളില്‍ നിന്ന് അമേരിക്കന്‍ സേന റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ലൈംഗിക അതിക്രമങ്ങളുടെ എണ്ണം 20,348 എന്ന് പെന്റഗണ്‍.

സെക്ഷ്വല്‍ അസോള്‍ട്ട് പ്രിവന്‍ഷന്‍ ആന്റ് റെസ്‌പോണ്‍സ് ഓഫീസ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

2013നും 2016നും ഇടയ്ക്ക് സൈനികര്‍ക്കെതിരെ നടന്ന ലൈംഗികാതിക്രമ കേസുകളുടെ കണക്കാണ് പെന്റഗണ്‍ പുറത്തുവിട്ടിരിക്കുന്നത്.

നാല് വര്‍ഷത്തിനുള്ളില്‍ കരസേനയാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്, 8284.

4788 കേസുകളാണ് നേവിയുടെ ഭാഗത്തുനിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വ്യോമസേനയുടെ കണക്കിലുള്ളത് 3,400 കേസുകളും.

അമേരിക്കന്‍ സൈനികര്‍ ഏറ്റവുമധികം അതിക്രമം നേരിടേണ്ടി വന്നത് അഫ്ഗാനിസ്ഥാനില്‍ നിന്നാണെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

നാല് വര്‍ഷത്തിനുള്ളില്‍ 295 കേസുകളാണ് അഫ്ഗാനിസ്ഥാനില്‍ നിന്ന് മാത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

മേലുദ്യോഗസ്ഥരുടെയോ പൊലീസിന്റെയോ സഹായമില്ലാതെ തന്നെ അതിക്രമങ്ങളെക്കുറിച്ച് പരാതി നല്‍കാനും അന്വേഷിക്കാനും സൈനികരെ സഹായിക്കുന്ന സംവിധാനം 2013ലാണ് പെന്റഗണ്‍ രൂപീകരിച്ചത്.

Top