ഹവായ്ക്കു നേരെ തെറ്റായ മിസൈല്‍ ഭീഷണി ; രാഷ്ട്രീയ വിവാദങ്ങള്‍ക്ക് സാധ്യത

emergency

വാഷിങ്ടന്‍: യുഎസിലെ ഹവായ് ദ്വീപിലേക്ക് ബാലിസ്റ്റിക് മിസൈല്‍ വരുന്നതായി ഭീഷണി സന്ദേശം. ആദ്യമെത്തിയ സന്ദേശം തെറ്റാണെന്ന് കാണിച്ച് 10 മിനിറ്റുകള്‍ക്കുള്ളില്‍ അടുത്ത സന്ദേശവും എത്തുകയായിരുന്നു. ഇതോടെ എങ്ങോട്ടു പോകുമെന്നറിയാതെ ജനങ്ങള്‍ പരിഭ്രാന്തിയിലായി. ഉത്തരകൊറിയയുടെ മിസൈല്‍ ഭീഷണി നിലനില്‍ക്കുമ്പോഴാണ് പുതിയ സന്ദേശം എത്തുന്നത്. ഇത് പുതിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തുടക്കമിടുമെന്നാണ് സൂചന.

‘ബാലിസ്റ്റിക് മിസൈല്‍ ഹവായിക്കു നേരെ വരുന്നു. എത്രയും പെട്ടെന്ന് അഭയസ്ഥാനത്തേക്കു മാറുക. ഇത് ‘ഡ്രില്‍’ അല്ല ഇതായിരുന്നു ഹവായ് നിവാസികളുടെ ഫോണിലേക്ക് എത്തിയ സന്ദേശം. പ്രാദേശിക സമയം രാവിലെ 8.07നായിരുന്നു ആദ്യത്തെ സന്ദേശം എത്തിയത്. 8.45 ആയപ്പോള്‍ ഹവായ് എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സിയുടെ അടുത്ത സന്ദേശവും എത്തുകയായിരുന്നു. ‘ഹവായ്ക്കു നേരെ മിസൈല്‍ ഭീഷണിയില്ല. അതൊരു തെറ്റായ സന്ദേശമായിരുന്നു’. പിന്നീട് മിസൈല്‍ ഭീഷണിയില്ലെന്ന് യുഎസ് പസഫിക് കമാന്‍ഡും വ്യക്തമാക്കി.

പിന്നീട് ഓപറേഷന്‍ സെന്ററിലെ ജീവനക്കാരനു പറ്റിയ കയ്യബദ്ധമായിരുന്നു ഭീക്ഷണിയായി എത്തിയതെന്ന് ഏമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി അഡ്മിനിസ്‌ട്രേറ്ററുടെ ഓഫീസ് അറിയിച്ചു. തെറ്റുപറ്റിയ സാഹചര്യത്തില്‍ സംഭവത്തെപ്പറ്റി അന്വേഷണത്തിന് ഉത്തരവിട്ടതായും എഫ്‌സിസി ചെയര്‍മാന്‍ അജിത് പൈ വ്യക്തമാക്കി.

സംഭവത്തെപ്പറ്റി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോടു വിശദീകരണം നല്‍കിയതായി വൈറ്റ് ഹൗസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി ലിന്‍ഡ്‌സേ വാള്‍ട്ടേഴ്‌സ് പറഞ്ഞു. ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ഹവായിയെ ഉള്‍പ്പെടെ ലക്ഷ്യമിട്ടുള്ള മിസൈല്‍ പരീക്ഷണങ്ങളെപ്പറ്റി അടുത്തിടെ മുന്നറിയിപ്പു നല്‍കിയിരുന്നു. സന്ദേശം തെറ്റായിരുന്നെങ്കിലും ജനങ്ങള്‍ക്കിടയില്‍ സംഭവം പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്.

Top