വാഷിങ്ടണ്‍: യുക്രെയിന്‍ വിഷയത്തില്‍ റഷ്യയെ കുരുക്കാനുള്ള അമേരിക്കന്‍ നീക്കത്തിന് സഖ്യകക്ഷികളില്‍ നിന്നു തന്നെ തിരിച്ചടി. യൂറോപ്യന്‍ സഖ്യകക്ഷികളില്‍ പലതും അമേരിക്കയുടെ ഈ ആവശ്യം തള്ളിക്കളത്തിരിക്കുകയാണ്. ഇതോടെ, റഷ്യക്കെതിരായ സകല നീക്കങ്ങളിലും ഭിന്നത പ്രകടമായി കഴിഞ്ഞു. സാമ്പത്തികമായി റഷ്യയെ തകര്‍ക്കാനുള്ള അമേരിക്കന്‍ നീക്കമാണ് സഖ്യകക്ഷികള്‍ തന്നെ പൊളിച്ചിരിക്കുന്നത്.
റഷ്യന്‍ എണ്ണയുടെയും വാതകത്തിന്റെയും ഇറക്കുമതി നിരോധിക്കുന്നതിനു മുമ്പ് യൂറോപ്യന്‍ സഖ്യകക്ഷികളുമായി കൂടിയാലോചിച്ചതായും എന്നാല്‍, തങ്ങളുടെ എല്ലാ പങ്കാളികളും നിലവില്‍ ഈ തീരുമാനം പിന്തുടരാനാകുന്ന അവസ്ഥയിലല്ലെന്നും അമേരിക്ക ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.
റഷ്യന്‍ ക്രൂഡ് ഓയില്‍, ചില പെട്രോളിയം ഉല്‍പന്നങ്ങള്‍, ദ്രവീകൃത പ്രകൃതി വാതകം, കല്‍ക്കരി എന്നിവയുടെ അമേരിക്കയിലേക്കുള്ള ഇറക്കുമതി പ്രസിഡന്റ് ജോ ബൈഡന്‍ ചൊവ്വാഴ്ച നിരോധിച്ചതിന് പിന്നാലെയാണ് പ്രതികരണം.
‘തീരുമാനമെടുക്കുമ്പോള്‍ ഞങ്ങള്‍ യൂറോപ്യന്‍ സഖ്യകക്ഷികളുമായി ആലോചിച്ചിരുന്നു. എന്നാല്‍, ഞങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ശക്തമായ ആഭ്യന്തര ഊര്‍ജ ഉല്‍പാദനവും അടിസ്ഥാന സൗകര്യങ്ങളും കാരണം അമേരിക്കക്ക് ഈ നടപടി സ്വീകരിക്കാന്‍ കഴിഞ്ഞു. എന്നാല്‍, എല്ലാ സഖ്യകക്ഷികളും നിലവില്‍ അമേരിക്കക്കൊപ്പം ചേരുന്ന അവസ്ഥയിലല്ലെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നതായും സര്‍ക്കാറിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.
അമേരിക്കയുടെ ഈ തീരുമാനം വഴി പ്രതിവര്‍ഷം കോടിക്കണക്കിന് ഡോളര്‍ വരുമാനം റഷ്യക്ക് നഷ്ടപ്പെടാനാണ് സാധ്യത. കഴിഞ്ഞ വര്‍ഷം, റഷ്യയില്‍നിന്ന് പ്രതിദിനം ഏഴു ലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണയും ശുദ്ധീകരിച്ച പെട്രോളിയം ഉല്‍പന്നങ്ങളുമാണ് യു.എസ് ഇറക്കുമതി ചെയ്തിരുന്നത്.