എച്ച് 4 വിസ നിരോധനവുമായി അമേരിക്ക; നിരവധി ഇന്ത്യക്കാര്‍ ജോലിനഷ്ട ഭീഷണിയില്‍

വാഷിംഗ്ടണ്‍: എച്ച് 4 വിസയുള്ള ആളുകള്‍ക്ക് അമേരിക്കയില്‍ ജോലി ചെയ്യാമെന്ന ഒബാമ കാലഘട്ടത്തിലെ നിയമം ഇല്ലാതാക്കുന്നത് സ്വദേശികള്‍ക്ക് ഗുണം ചെയ്യുമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റി. എച്ച് 1ബി വിസയുള്ള ആളുകളുടെ പങ്കാളികള്‍ക്ക് തൊഴിലവസരം ലഭിച്ചിരുന്ന ഉത്തരവ് പിന്‍വലിക്കുന്നത് നിരവധി ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്.

സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കുന്നതിന്റെ ഭാഗമായിട്ടാണ് ട്രംപ് ഭരണകൂടം ഇത്തരമൊരു നീക്കം നടത്തിയത്. ഇന്ത്യയില്‍ നിന്നുള്ള നിരവധി ഉന്നത വിദ്യാഭ്യാസമുള്ള ആളുകളാണ് ഇത്തരത്തില്‍ എച്ച് 4 വിസയില്‍ ജോലി നേടിയിരുന്നത്. 2015ല്‍ ഒബാമ നടത്തിയ ഉത്തരവിലൂടെയാണ് ഇവര്‍ക്ക് ജോലി ചെയ്യാനുള്ള തടസ്സം മാറിയത്. ഇതിനായി പ്രത്യേക ഉത്തരവാണ് അന്ന് സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നത്.

എച്ച് 4 വിസയിലൂടെ തൊഴില്‍ നേടിയ 70,000 പേരാണ് രാജ്യത്തുള്ളത്. ഇവര്‍ക്ക് വന്‍ തിരിച്ചടി ആകുന്ന തീരുമാനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. എച്ച്-4 വിസയിലുള്ള ആളുകളുടെ തൊഴില്‍ കാലാവധി അവസാനിച്ചു കഴിഞ്ഞാല്‍ ഭാവിയില്‍ ഫയല്‍ ചെയ്യുന്ന നഷ്ട പരിഹാരം തൊഴില്‍ ദാതാക്കള്‍ക്ക് നഷ്ടപ്പെടുന്നു എന്നാണ് അമേരിക്കന്‍ സര്‍ക്കാര്‍ വാദം.

അതു പോലെ ഈ തൊഴിലവസരങ്ങള്‍ കൂടി അമേരിക്കയിലെ ജനങ്ങള്‍ക്ക് ലഭിച്ചാല്‍ അത് സാമൂഹ്യ-സാമ്പത്തിക രംഗത്ത് വലിയ മുന്നേറ്റം ഉണ്ടാകുമെന്നാണ് കണക്കു കൂട്ടല്‍.

2017 ഡിസംബര്‍ 25 വരെയുള്ള കണക്കനുസരിച്ച് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്റ് മൈഗ്രേഷന്‍ സര്‍വ്വീസ് 1,26,853 ആളുകള്‍ക്കാണ് എച്ച്4 വിസയില്‍ ജോലി കൊടുത്തത്. 2015 മെയിലാണ് ഉത്തരവ് നിലവില്‍ വന്നത്. 90,946 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ അനുമതി ലഭിച്ചത്. 35,219 പേരുടെ അപേക്ഷ പുതുക്കുകയും 688 പേരുടെ കാര്‍ഡുകള്‍ നഷ്ടപ്പെട്ടതിന്റെ പേരില്‍ അനുമതി പിന്‍വലിക്കുകയും ചെയ്തിരുന്നു.

ട്രംപ് ഭരണകൂടത്തിന്റെ പുതിയ തീരുമാനത്തിനെതിരെ മുതിര്‍ന്ന ഡെമോക്രാറ്റിക് നേതാക്കളായ കമല ഹാരിസ്, ക്രിസ്റ്റണ്‍ ഗില്ലിബ്രാന്റ് എന്നിവര്‍ രംഗത്തെത്തിയിരുന്നു. പുതിയ തീരുമാനം 100,000 വനികളെ ബാധിക്കുമെന്നും അവര്‍ പൂര്‍ണ്ണമായും ഭര്‍ത്താക്കന്മാരെ ആശ്രയിക്കേണ്ടി വരുന്നത് കടുത്ത മാനസിക സമ്മര്‍ദ്ദമുണ്ടാക്കുമെന്ന് അവര്‍ വാദിച്ചു. തുല്യത എന്ന മനുഷ്യാവകാശ ലംഘനമാണ് ഇതെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

Top