പഞ്ചാബ്: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച് പരസ്പരം സമാധാനവും സഹകരണവും ശക്തിപ്പെടുത്തുവാന്‍ സാധിക്കുമെന്നതിനുള്ള ഒരു ഉദാഹരണമാണ് യുഎസും ഉത്തരകൊറിയയും തമ്മില്‍ നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയെന്ന് മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ഷഹ്ബാസ് ഷെരീഫ്.
ഇത്തരത്തിലുള്ള സമാധാന ചര്‍ച്ച ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നടത്തുവാന്‍ കഴിയുമെന്ന് ഷെരീഫ് അഭിപ്രായപ്പെട്ടു. അമേരിക്കയും ഉത്തരകൊറിയയും തമ്മില്‍ നടന്ന സിംഗപ്പൂര്‍ ഉച്ചകോടി വിജയം കണ്ടു, ഇരു രാജ്യങ്ങളുടെയും കൂടിക്കാഴ്ച ഇന്ത്യയ്ക്കും പാക്കിസ്ഥാനും മാതൃകയാക്കാവുന്നതാണ്, കൊറിയന്‍ യുദ്ധത്തിന്റെ തുടക്കം മുതല്‍ ഇരു രാജ്യങ്ങളും പരസ്പരം അകന്നു നില്‍ക്കുകയാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
Singapore Summit between USA & North Korea should set a good precedent for Pakistan & India to follow. Ever since the start of Korean War, the two nations have been at odds with one another; both threatening to use military force with their nuclear arsenals facing each other(1/3)
— Shehbaz Sharif (@CMShehbaz) June 12, 2018
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണത്തലവന്‍ കിം ജോങ് ഉന്നും തമ്മില്‍ നടത്തിയ ആദ്യ കൂടിക്കാഴ്ച പൂര്‍ണ വിജയമായിരുന്നു. കൂടിക്കാഴ്ചയില്‍ ഉത്തരകൊറിയയും അമേരിക്കയും സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചിരുന്നു. കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ച ഗംഭീരമായിരുന്നു എന്ന് ട്രംപ് വ്യക്തമാക്കുകയും ചെയ്തിരുന്നു.
ട്രംപും കിമ്മും ചേര്‍ന്ന് ഒപ്പുവെച്ച ഉടമ്പടിയെ തുടര്‍ന്ന് കൊറിയന്‍ ഉപദ്വീപിലെ സമ്പൂര്‍ണ്ണ നിരായുധീകരണത്തിനായി ഉത്തരകൊറിയ ശ്രമിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു.
സിംഗപ്പൂരിലെ സെന്റോസ ദ്വീപിലുള്ള കാപെല്ല ഹോട്ടലിലാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. ഹസ്തദാനം ചെയ്ത സമയത്തും ആദ്യഘട്ട കൂടിക്കാഴ്ചയ്ക്കു ശേഷം പുറത്തുവന്നപ്പോഴും ഇരു നേതാക്കളും സന്തുഷ്ടരായിരുന്നുവെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന് തുടക്കം കുറിക്കുന്നതായിരുന്നു കൂടിക്കാഴ്ച.