ന്യൂയോര്‍ക്ക്: യുഎസ് വിമാനവാഹിനിയായ യുഎസ്എസ് തിയഡോര്‍ റൂസ്വെല്‍റ്റ് എന്ന കപ്പലിലെ സേനാംഗം കൊവിഡ് ബാധിച്ച് മരിച്ചതോടെ യുഎസ് നാവികസേനയില്‍ ആശങ്ക പടരുന്നു. ഏപ്രില്‍ ഒന്‍പതിനു രോഗം സ്ഥിരീകരിച്ച നാവികന്‍ 13ന് മരണത്തിനു കീഴടങ്ങുകയായിരുന്നു. ഇതേ കപ്പലിലെ 500 നാവികര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതാണ് അമേരിക്കന്‍ നാവികസേനയെ ആശങ്കയിലാഴ്ത്തിയത്.
പസിഫിക്കിലെ ഗുവാം തീരത്ത് അടുപ്പിച്ചിരിക്കുന്ന കപ്പലിലെ നാവികര്‍ തീരത്ത് ക്വാറന്റീനിലാണ്. ദൗത്യത്തിലിരിക്കെ മരിക്കുന്ന ആദ്യ നാവികനാണ് ഇദ്ദേഹം. തിയഡോര്‍ റൂസ്വെല്‍റ്റ് കൂടാതെ മൂന്നു വിമാനവാഹിനി കപ്പലുകളിലെ സേനാംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. യുഎസ്എസ് നിമിറ്റ്‌സ്, യുഎസ്എസ് റോണള്‍ഡ് റീഗന്‍, യുഎസ്എസ് കാള്‍ വിന്‍സന്‍ എന്നീ കപ്പലുകളിലെ അംഗങ്ങള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.