ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ വനിതാ കിരീടം ലോക ഒന്നാം നമ്പര്‍ താരം ആഞ്ചലിക് കെര്‍ബറിന്. ഫൈനലില്‍ ചെക്ക് റിപ്പബ്ലിക് താരം കരോളിന പ്ലീഷ്‌കോവയെ പരാജയപ്പെടുത്തിയാണ് ആഞ്ചലിക് കീരീടം ചൂടിയത്. സ്‌കോര്‍: 6-3, 4-6, 6-4.
മത്സരത്തിലെ ആദ്യ സെറ്റും അവസാന സെറ്റും നേടിയാണ് കെര്‍ബര്‍ ജയം സ്വന്തമാക്കിയത്. കഴിഞ്ഞ സിന്‍സിനാറ്റി ഓപ്പണ്‍ ഫൈനലില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ജയം പ്ലീഷ്‌കോവക്കൊപ്പമായിരുന്നു. അതിനുള്ള മധുര പ്രതികാരം കൂടിയാണ് കെര്‍ബറിന്റെ ഈ കിരീട നേട്ടം. കെര്‍ബറുടെ രണ്ടാം ഗ്രാന്‍ഡ്സ്ലാം കിരീടവുമാണിത്.
ഫൈനലിലെത്തിയതോടെയാണ് കെര്‍ബര്‍ സെറീനയെ മറികടന്ന് ലോക റാങ്കിംഗില്‍ ഒന്നാമതെത്തിയത്. 1996ല്‍ സ്റ്റെഫി ഗ്രാഫ് ഒന്നാം റാങ്കിലെത്തിയതിനു ശേഷം ആദ്യമായാണ് ഒരു ജര്‍മന്‍ താരം ഈ നേട്ടം കൈവരിക്കുന്നത്.