യുഎസ് ഓപ്പണ്‍: പുരുഷന്മാരുടെ ഫൈനലില്‍ നദാല്‍-ആന്‍ഡേഴ്‌സണ്‍ പോരാട്ടം ഇന്ന്

വാഷിംഗ്ടണ്‍: യുഎസ് ഓപ്പണ്‍ പുരുഷന്മാരുടെ ഫൈനലില്‍ സ്‌പെയിന്‍ താരം റാഫേല്‍ നദാലും ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സണും ഏറ്റുമുട്ടും.

മൂന്നാം യുഎസ് ഓപ്പണ്‍ കിരീടം തേടിയാണ് നദാല്‍ ഇറങ്ങുന്നത്. അതേസമയം, കന്നി ഗ്രാന്‍സ്ലാം കിരീടമാണ് ആന്‍ഡേഴ്‌സണ്‍ ലക്ഷ്യമിടുന്നത്.

അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പോട്രോയെ 4-6, 6-0, 6-3, 6-2 എന്ന സ്‌കോറിന് കീഴടക്കിയാണ് നദാല്‍ ഫൈനലില്‍ എത്തിയത്. ഡെല്‍ പോട്രോയ്‌ക്കെതിരേ ആദ്യ സെറ്റ് 4-6 എന്ന സ്‌കോറിന് അടിയറവച്ച നദാല്‍ പക്ഷേ, രണ്ടാം സെറ്റില്‍ ശക്തമായി തിരിച്ചുവന്നു. 6-0 എന്ന സ്‌കോറിന് സെറ്റ് നദാല്‍ സ്വന്തമാക്കി. ഇതോടെ ഫോം ആത്മവിശ്വാസം വീണ്ടെടുത്ത നദാല്‍ മൂന്നും നാലും സെറ്റും സ്വന്തം പേരിലെഴുതി സെമിയിലേക്കു ടിക്കറ്റെടുക്കുകയായിരുന്നു.

സ്‌പെയിനിന്റെ പാബ്ലോ കറേനോ ബുസ്തയെ 4-6, 7-5, 6-3, 6-4 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് 28-ാം സീഡായ ആന്‍ഡേഴ്‌സണ്‍ ഫൈനലില്‍ പ്രവേശിച്ചത്. 1973-ന് എടിപി കംപ്യൂട്ടര്‍ റാങ്കിംഗ് സിസ്റ്റം ആരംഭിച്ചതിന് ശേഷം യുഎസ് ഓപ്പണ്‍ ഫൈനലില്‍ എത്തുന്ന ഏറ്റവും താഴ്ന്ന റാങ്കുകാരനാണ് ആന്‍ഡേഴ്‌സണ്‍.

Top