ന്യൂയോര്‍ക്ക്: യുഎസ് താരം സെറീന വില്യംസിന്റെ മത്സരങ്ങള്‍ ബഹിഷ്‌കരിക്കാന്‍ അംപയര്‍മാര്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലിനിടെ ചെയര്‍ അംപയറിനോടു മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് ഈ നീക്കം.
ചെയര്‍ അംപയര്‍ കാര്‍ലോസ് റാമോസിനെ കള്ളനെന്നു വിളിച്ച് അധിക്ഷേപിച്ച സെറീന മാപ്പു പറയുന്നതുവരെ അവരുടെ മത്സരങ്ങള്‍ ബഹിഷ്‌കരിക്കാനാണ് ആലോചിച്ചിരിക്കുന്നത്. വനിതാ സിംഗിള്‍സില്‍ 23 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള സെറീന, 24-ാം കിരീട നേട്ടത്തോടെ മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോര്‍ഡിന് ഒപ്പമെത്താനുള്ള ശ്രമത്തിനിടെയാണ് അംപയറുമായി കോര്‍ത്തത്. ജപ്പാന്‍ താരം നവോമി ഒസാക്കയ്‌ക്കെതിരായ കലാശപ്പോരില്‍, ആദ്യ സെറ്റ് കൈവിട്ടതിനു പിന്നാലെ രണ്ടാം സെറ്റിനിടെയാണ് സംഘര്‍ഷം ഉടലെടുത്തത്.
മത്സരത്തിനു പിന്നാലെ ചെയര്‍ അംപയറിനെതിരെ സെറീന വില്യംസ് ഉയര്‍ത്തിയ ആരോപണങ്ങളെച്ചൊല്ലി ടെന്നിസ് ലോകം രണ്ടു തട്ടിലായി. മത്സരത്തിനിടെയുണ്ടായ വിവാദങ്ങളില്‍ സെറീനയ്ക്ക് പിന്‍തുണയുമായി മുന്‍ ടെന്നിസ് താരങ്ങളായ ബില്ലി ജീന്‍ കിങും, ജോണ്‍ മക്കന്റോയും രംഗത്തെത്തി. വിവാദമുണ്ടാക്കിയത് പുരുഷ താരങ്ങളായിരുന്നെങ്കില്‍ അവര്‍ക്ക് ഇത്ര കടുത്ത ശിക്ഷ ലഭിക്കുമായിരുന്നില്ല എന്നാണു ജീന്‍ കിങ് ട്വിറ്ററില്‍ കുറിച്ചത്. പുരുഷ താരങ്ങള്‍ക്കു നിയമത്തില്‍ ഇളവ് അനുവദിക്കപ്പെടുന്നെന്ന സെറീനയുടെ നിരീക്ഷണം ശരിയാണെന്നു മക്കന്റോ പറഞ്ഞു.
എന്നാല്‍ ടെന്നിസില്‍ എല്ലാം നിയമത്തിന് അനുസൃതമായാണു നടക്കുന്നതെന്നും താരങ്ങള്‍ നിയമത്തെക്കാള്‍ വലുതാകാന്‍ ശ്രമിക്കുന്നത് കഷ്ടമാണെന്നുമാണു മുന്‍ ഓസ്‌ട്രേലിയന്‍ വനിതാ താരം മാര്‍ഗരറ്റ് കോര്‍ട്ട് അഭിപ്രായപ്പെട്ടത്.