യു എസ് ഓപ്പണ്‍ ടൂര്‍ണമെന്റ്‌ ; നവോമി ഒസാക്കയോട് തോല്‍വി സമ്മതിച്ച് ആഞ്ചലിക് കെര്‍ബര്‍

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ രണ്ടാം ദിവസത്തില്‍ ജപ്പാന്റെ 19-കാരിയായ താരം നവോമി ഒസാക്കയോട് തോല്‍വി സമ്മതിച്ച് ജര്‍മനിയുടെ ആഞ്ചലിക് കെര്‍ബര്‍.

ഒസാക്കയും കെര്‍ബറും ആദ്യമായി നേര്‍ക്കുനേര്‍ വന്ന മല്‍സരം കൂടിയായിരുന്നു ഇത്.

നിലവിലെ ചാംപ്യനും രണ്ടാം സീഡുമാണ് കെര്‍ബര്‍, ഒസാക്കയാവട്ടെ ലോക റാങ്കിങില്‍ 45ാം സ്ഥാനക്കാരിയും.

ഒസാക്കയുടെ ജയം 6-3, 6-1 എന്ന ആധികാരിക സ്‌കോറിലായിരുന്നു.

യുഎസ് ഓപ്പണ്‍ ചരിത്രത്തില്‍ ഇതു രണ്ടാം തവണയാണ് നിലവിലെ ജേതാവിന് ആദ്യ റൗണ്ടില്‍ തന്നെ അടിതെറ്റുന്നത്.

നേരത്തേ 2005-ല്‍ കിരീടത്തിളക്കത്തില്‍ റാക്കേറ്റേന്തിയ റഷ്യയുടെ സ്വറ്റ്‌ലാന കുസ്‌നെറ്റ്‌സോവയ്ക്കും ആദ്യറൗണ്ടില്‍ അപ്രതീക്ഷിത പരാജയം നേരിട്ടിരുന്നു.

അതേസമയം, പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ സ്പാനിഷ് താരം റാഫേല്‍ നദാല്‍ ജയത്തോടെ തുടക്കം ഗംഭീരമാക്കി.

ലോക റാങ്കിങില്‍ 85ാം സ്ഥാനത്തുള്ള സെര്‍ബിയയുടെ ഡുസാന്‍ ലജോവിച്ചിനെയാണ് നദാല്‍ നേരിട്ടുള്ള സെറ്റുകള്‍ക്കു തകര്‍ത്തത്. സ്‌കോര്‍: 7-6, 6-2, 6-2.

Top