റൗള്‍ കാസ്‌ട്രോയെ വധിക്കാന്‍ 1960ല്‍ യുഎസ് പദ്ധതിയിട്ടതായി രേഖകള്‍

വാഷിങ്ടണ്‍: ക്യൂബന്‍ പോരാട്ട നായകന്‍ ഫിഡല്‍ കാസ്ട്രോയുടെ സഹോദരന്‍ റൗള്‍ കാസ്ട്രോയെ വധിക്കാന്‍ 1960ല്‍ യുഎസ് പദ്ധതിയിട്ടതായി രേഖകള്‍. റൗള്‍ കാസ്ട്രോയുടെ വിടവാങ്ങല്‍ സംബന്ധിച്ച വാര്‍ത്തകള്‍ക്കിടെയാണ് വാഷിങ്ടണ്‍ ആസ്ഥാനമായ ദേശീയ സുരക്ഷാ ആര്‍ക്കൈവ് ഗവേഷണ സ്ഥാപനം രേഖകള്‍ പുറത്തുവിട്ടത്. 1960ലാണ് കൊലപാതകത്തിന് സിഐഎ ആദ്യം പദ്ധതി തയ്യാറാക്കിയത്. പ്രാഗില്‍ നിന്ന് ഹവാനയിലേക്ക് റൗള്‍ കാസ്ട്രോ വിമാനയാത്ര നടത്തുമ്പോള്‍ അപകടം വരുത്തി വധിക്കാനായി പൈലറ്റ് ജോസ് റൗള്‍ മാര്‍ട്ടിനസിന് 10,000 ഡോളര്‍ വാഗ്ദാനം ചെയ്തു. ഓപറേഷനിടെ പൈലറ്റ് മരണപ്പെടുകയാണെങ്കില്‍ അദ്ദേഹത്തിന്റെ രണ്ടു മക്കള്‍ക്കും സര്‍വകലാശാല വിദ്യാഭ്യാസം ഉറപ്പുനല്‍കി. സിഐഎ റിക്രൂട്ട് ചെയ്ത പൈലറ്റായിരുന്നു ജോസ് റൗള്‍.

മാര്‍ട്ടിനെസ് പ്രാഗിലേക്ക് പോയ ശേഷം അമേരിക്കയിലെ സിഎഎ ആസ്ഥാനത്തു നിന്ന് ദൗത്യം റദ്ദാക്കാന്‍ ഹവാന സ്റ്റേഷനോട് ആവശ്യപ്പെടുകയായിരുന്നു. പിന്തുടരരുതെന്നും ദൗത്യം ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നതായുമാണ് വിവരം നല്‍കിയത്.ക്യൂബയില്‍ മടങ്ങിയെത്തിയ മാര്‍ട്ടിനെസ് തന്റെ കൂട്ടാളിയോട് ഞങ്ങള്‍ ചര്‍ച്ച ചെയ്തത് പോലെയുള്ള ഒരു അപകടം ക്രമീകരിക്കാന്‍ അവസരമുണ്ടായില്ലെന്നും പറഞ്ഞിരുന്നു

Top