കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാര്‍; വീണ്ടും സന്നദ്ധത അറിയിച്ച് ട്രംപ്

വാഷിങ്ടണ്‍: കശ്മീര്‍ വിഷയം പരിഹരിക്കാന്‍ ഇന്ത്യക്കും പാക്കിസ്ഥാനുമിടയില്‍ മധ്യസ്ഥത വഹിക്കാന്‍ വീണ്ടും സന്നദ്ധത അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വ്യാഴാഴ്ച മാധ്യമങ്ങളെ കാണാവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

കശ്മീര്‍ വിഷയം പരിഹരിക്കണോ വേണ്ടയോ എന്നത് ഇന്ത്യയും പാക്കിസ്ഥാനുമാണ് തീരുമാനിക്കേണ്ടത്. എന്നാല്‍ പതിറ്റാണ്ടുകളായി തുടരുന്ന പ്രശ്നം പരിഹരിക്കാന്‍ ഇരുരാജ്യങ്ങളെയും സഹായിക്കാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എങ്ങനെ കശ്മീര്‍ പ്രശ്‌നം പരിഹരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന ചോദ്യത്തിന്, അവര്‍ ആവശ്യപ്പെട്ടാല്‍ തീര്‍ച്ചയായും ഇടപെടുമെന്ന മറുപടിയില്‍ ട്രംപ് പ്രസ്താവന ഒതുക്കി.

കഴിഞ്ഞ ആഴ്ച പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ ട്രംപ് സഹായം വാഗ്ദാനം ചെയ്തിരുന്നു. മോദി തന്നോടു സഹായം ആവശ്യപ്പെട്ടെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ ഇന്ത്യ ട്രംപിന്റെ അവകാശവാദം തള്ളി. മോദി ട്രംപിനോടു സഹായം ആവശ്യപ്പെട്ടിട്ടില്ലെന്നും കശ്മീര്‍ വിഷയത്തില്‍ പുറത്തുനിന്നുള്ള ഇടപെടല്‍ ആവശ്യമില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.

Top