ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിക്കായി ജോ ബൈഡനും ഷി ജിൻ പിങ്ങും കൂടിക്കാഴ്ച നടത്തും

മുപ്പതാമത് ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിക്കായി യുഎസ് പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങും നാളെ കൂടിക്കാഴ്ച നടത്തും. അമേരിക്കയിലെ ഫ്രാന്‍സിസ്‌കോയിലാണ് കൂടിക്കാഴ്ച. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സംഘര്‍ഷ ഭരിതമായി തുടരുന്നതിനിടയിലാണ് ഈ കൂടിക്കാഴ്ച എന്നതും ശ്രദ്ധേയം. ഇരുവരുടെയും ചര്‍ച്ചകള്‍ക്ക് മുന്നോടിയായി അമേരിക്കന്‍ ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലനും ചൈനീസ് പ്രതിനിധി വൈസ് പ്രീമിയര്‍ ഹെ ലിഫെംഗും കഴിഞ്ഞയാഴ്ച സാന്‍ ഫ്രാന്‍സിസ്‌കോയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. സാമ്പത്തിക വിഷയങ്ങളില്‍ പുരോഗതി കൈവരിക്കാന്‍ ലക്ഷ്യമിട്ടാണ് രണ്ട് ദിവസത്തെ ചര്‍ച്ചകള്‍ നടന്നത്.

പസഫിക് സമുദ്രത്തിന് ചുറ്റുമുള്ള രാജ്യങ്ങള്‍ക്കിടയില്‍ വ്യാപാരം, നിക്ഷേപം, സാമ്പത്തിക വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് സമര്‍പ്പിച്ചിരിക്കുന്ന ഫോറമാണ് ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണം. 21 പ്രധാന നേതാക്കള്‍ പങ്കെടുന്ന ആഗോള ഉച്ചകോടിയില്‍ സുപ്രധാന പുരോഗതിയാവും ബൈഡന്‍ – ഷി ജിന്‍ പിങ് കൂടിക്കാഴ്ച. ഈ വര്‍ഷം ആദ്യം യുഎസില്‍ ചൈനീസ് ചാര ബലൂണുകള്‍ വെടി വച്ച് വീഴ്ത്തിയതിനെ തുടര്‍ന്നുണ്ടായ സംഭവ പരമ്പരങ്ങള്‍ക്ക് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായത്.

ഇരു ലോകനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്ന് വൈറ്റ് ഹൗസ് പ്രതീക്ഷിക്കുന്നില്ലെന്ന് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. എങ്കിലും ചെറിയ ചില പുരോഗതികള്‍ കാണുമെന്നാണ് കരുതുന്നത്. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കണക്കിലെടുത്ത് പ്രതീക്ഷകള്‍ കുറവായിരിക്കണമെന്ന് വിശകലന വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

 

Top