അഹമ്മദാബാദ്: ഇന്ത്യാ സന്ദര്‍ഷനത്തിനെത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പഴുതടച്ച സുരക്ഷ ഒരുക്കാന്‍ ബിജെപി ശ്രമിക്കുമ്പോള്‍ ട്രംപിന്റെ മൂക്കിന് താഴെ പ്രതിഷേധം നടത്തുമെന്ന് കോണ്‍ഗ്രസ്. അഹമ്മദാബാദ് മൊട്ടേരയിലെ ക്രിക്കറ്റ് സ്റ്റേഡിയം ഉദ്ഘാടനത്തിന് ട്രംപ് എത്തുമ്പോള്‍ വേദിക്കു പുറത്തു പ്രതിഷേധിക്കാനാണ് കോണ്‍ഗ്രസ് നീക്കം.
സമരമുണ്ടായാല്‍ ഉദ്ഘാടന വേദി സംഘര്‍ഷവേദിയാകുമോ എന്ന ആശങ്കയിലാണു സംഘാടകര്‍. പട്ടിക വിഭാഗ തൊഴില്‍ സംവരണത്തിനെതിരെയുണ്ടായ സുപ്രീം കോടതി വിധി മറികടക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നടപടി വൈകുന്നു എന്നു കുറ്റപ്പെടുത്തിയാണ് പ്രതിഷേധം. നഗരത്തില്‍ ട്രംപ് വരുന്നതിനു മുന്‍പായി സുരക്ഷാ സന്നാഹങ്ങള്‍ ശക്തമാക്കി. അഞ്ഞൂറോളം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പതിനായിരത്തോളം പൊലീസുകാരെ വഴിയിലുടനീളം വിന്യസിക്കാനാണ് ഉദ്ദേശിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ട്രംപിന്റെയും സുരക്ഷയ്ക്കു കോടികളാണു മുടക്കിയിരിക്കുന്നത്. ഇതോടെ കോണ്‍ഗ്രസിന്റെ പ്രതിഷേധം കൈകാര്യം ചെയ്യുകയെന്നതു സര്‍ക്കാരിനു അഭിമാനപ്രശ്‌നമാകും. സര്‍ക്കാര്‍ ജോലിയിലെ സ്ഥാനക്കയറ്റത്തില്‍ സംവരണം മൗലികാവകാശമല്ലെന്നും അതു സര്‍ക്കാരിനു തീരുമാനിക്കാവുന്നതാണെന്നും അടുത്തിടെ സുപ്രീം കോടതി വിധിച്ചിരുന്നു. വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി അടക്കമുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ എടുക്കണമെന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ കാലതാമസമുണ്ടാവുന്നെന്ന് ആരോപിച്ചാണു കോണ്‍ഗ്രസ് ഡല്‍ഹിയിലും ഗുജറാത്തിലും പ്രതിഷേധം സംഘടിപ്പിക്കുന്നത്.