2020 ല്‍ വൈറ്റ്ഹൗസിലേക്കു മത്സരിക്കാനുള്ള സാധ്യത തള്ളിക്കളയാതെ കമല ഹാരിസ്‌

വാഷിംഗ്ടണ്‍ : 2020 ലെ അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യത ഇന്ത്യന്‍ വംശജയായ സെനറ്റര്‍ കമല ഹാരിസ് തള്ളിക്കളയുന്നില്ലെന്ന് മാധ്യമങ്ങള്‍. ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ഉദിച്ചു വരുന്ന താരമായി വിലയിരുത്തപ്പെടുന്ന 53 കാരിയായ കമല ഹാരിസ് ഇന്ത്യ ജമൈക്ക എന്നിവിടങ്ങളില്‍ നിന്നായി കുടിയേറിയ ദമ്പതികളുടെ മകളാണ്. അടുത്ത പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളാകാന്‍ സാധ്യതയുള്ളവരുടെ ലിസ്റ്റില്‍ പതിവായി ഇടം കണ്ടെത്തുന്ന ഒരാള്‍ കൂടിയാണ് ഹാരിസ്.

2020 ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യത തള്ളിക്കളയുകയാണോ എന്ന ചോദ്യത്തിന് ‘താന്‍ അത് തള്ളിക്കളയുന്നില്ല’ എന്ന എം.എസ്.എന്‍.ബി.സി യോട് കമല ഹാരിസ് പറഞ്ഞു. തന്റെ രാഷ്ട്രീയ ഭാവിയെപ്പറ്റി കമല നടത്തുന്ന നേരിട്ടുള്ള പരാമര്‍ശമായി ഇത് വിലയിരുത്തപ്പെടുന്നു. എന്നാല്‍, വൈറ്റ് ഹൗസിലേക്കു മത്സരിക്കുന്നതു സംബന്ധിച്ച കാര്യത്തേക്കാള്‍ മറ്റു പല വിഷയങ്ങള്‍ക്കുമാണ് താന്‍ ഇപ്പോള്‍ മുന്തിയ പരിഗണന നല്‍കുന്നതെന്ന് കമല കൂട്ടിച്ചേര്‍ത്തു.

2016 ല്‍ സെനറ്റിലേക്കു തെരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പ് കാലിഫോര്‍ണിയയിലെ അറ്റോര്‍ണി ജനറലായി കമല സേവനം ചെയ്തിരുന്നു. ട്രംപ് ഭരണകാലത്ത് കുടിയേറ്റക്കാരുടെ അവകാശങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തുന്ന നേതാവായി ഹാരിസ് കണക്കാക്കപ്പെടുന്നു. ഹോം ലാന്റ് സെക്യൂരിറ്റി ആന്റ് ഗവണ്‍മെന്റ് അഫയേഴ്‌സ് കമ്മിററി അംഗമായി കമല പ്രവര്‍ത്തിക്കുന്നു. സാന്‍ഫ്രാന്‍സിസ്‌ക്കോ മുന്‍ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി, കാലിഫോര്‍ണിയ അറ്റോര്‍ണി ജനറല്‍ എന്നീ നിലകളില്‍ പരിചയ സമ്പന്നയായ കമല, യു എസ് കോണ്‍ഗ്രസ്സില്‍ അറ്റോര്‍ണി ജനറലായ ജെഫ് സെഷന്റെ രൂക്ഷ വിമര്‍ശകയായിരുന്നു. യു എസ് സെനറ്റിലെ കാലിഫോര്‍ണിയായിയില്‍ നിന്നുള്ള ഏറ്റവും ജൂനിയറായ അംഗം കൂടിയാണ് കമല.

Top