പാരീസ്: യുനെസ്‌കോ അംഗത്വത്തിലേക്ക് തിരികെ വരാനൊരുങ്ങി യുഎസ്. ഐക്യരാഷ്ട്ര സംഘടനയുടെ വിദ്യാഭ്യാസ ശാസ്ത്ര സാംസ്‌കാരിക വേദിയായ യുനെസ്‌കോയിലേക്ക് മടങ്ങിവരാന്‍ യുഎസ് ആഗ്രഹിക്കുന്നതായും കുടിശ്ശികയായ 60 കോടി ഡോളര്‍ (ഏകദേശം 5000 കോടി രൂപ) നല്‍കാന്‍ തയ്യാറാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
2011-ല്‍ പലസ്തീനെ അംഗരാജ്യമായി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചശേഷം യുഎസും ഇസ്രയേലും യുനെസ്‌കോയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് അവസാനിപ്പിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് 2013ല്‍ ഇരുരാജ്യങ്ങളുടെയും വോട്ടവകാശം നഷ്ടപ്പെട്ടു. പിന്നീട് ഇസ്രയേല്‍ വിരുദ്ധത ചൂണ്ടിക്കാട്ടി യുനെസ്‌കോയില്‍നിന്ന് പൂര്‍ണമായി പിന്മാറാന്‍ ഡോണള്‍ട് ട്രംപ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
യുനെസ്‌കോ നയരൂപീകരണത്തില്‍ പ്രത്യേകിച്ച് നിര്‍മിത ബുദ്ധി, സാങ്കേതിക വിദ്യാഭ്യാസം എന്നിവയുടെ മാനദണ്ഡം നിശ്ചയിക്കുന്നതില്‍ ചൈനയുടെ നേതൃപരമായ പങ്കിലുള്ള ആശങ്കയാണ് യുഎസിന്റെ മടങ്ങിവരവിനു പിന്നിലുള്ള കാരണമെന്നാണ് വിവരം.