വാഷിംഗ്ടണ്‍ ഡിസി: ട്രംപ് ഭരണകൂടം ഇറാനെതിരായ ഉപരോധങ്ങള്‍ പുനഃസ്ഥാപിച്ചു. ഉപരോധങ്ങള്‍ ലംഘിച്ച് ആരെങ്കിലും ഇറാനുമായി ഇടപാടിനു തുനിഞ്ഞാല്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും പ്രസിഡന്റ് ട്രംപ് നല്‍കി. ഇറാനിലെ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള സൈക്കോളജിക്കല്‍ യുദ്ധതന്ത്രമാണു യുഎസ് പ്രയോഗിക്കുന്നതെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പ്രതികരിച്ചു.
ഉപരോധം അംഗീകരിക്കില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു. ഇറാനുമായി ഇടപാടു നടത്തുന്നതിന്റെ പേരില്‍ യൂറോപ്യന്‍ കമ്പനികള്‍ക്ക് അമേരിക്കയുടെ നടപടികള്‍ നേരിടേണ്ടി വന്നാല്‍ സംരക്ഷണം നല്‍കുമെന്നും യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു.
ഇറാന്‍ ആണവ, മിസൈല്‍ പദ്ധതികള്‍ തുടരുകയാണെന്നും അവരെ ചര്‍ച്ചയ്ക്കു പ്രേരിപ്പിക്കാനാണ് ഉപരോധങ്ങളെന്നുമാണ് ട്രംപിന്റെ വാദം. ചൊവ്വാഴ്ച രാത്രി തന്നെ ചില ഉപരോധങ്ങള്‍ നിലവില്‍ വന്നു. നവംബറില്‍ കൂടുതല്‍ കടുത്ത ഉപരോധങ്ങള്‍ നടപ്പാക്കുമെന്നും ട്രംപ് അറിയിച്ചു.
ഇറാന്റെ സ്വര്‍ണം, അലുമിനിയം, ഉരുക്ക്, കല്‍ക്കരി ഇടപാടുകളുമായി ബന്ധപ്പെട്ടുള്ളതാണ് ഇപ്പോള്‍ നിലവില്‍ വന്നിരിക്കുന്ന ഉപരോധങ്ങള്‍. എണ്ണ കയറ്റുമതിയെ അടക്കം ലക്ഷ്യമിടുന്ന ഉപരോധങ്ങളായിരിക്കും നവംബറില്‍ ഏര്‍പ്പെടുത്തുക.
ഇറാന്റെ ആണവപദ്ധതികള്‍ നിയന്ത്രിക്കാന്‍ മുന്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ മുന്‍കൈയെടുത്തു നടപ്പാക്കിയ കരാറില്‍ നിന്ന് അടുത്തിടെ ട്രംപ് പിന്മാറിയിരുന്നു. എന്നാല്‍ കരാറില്‍ അംഗങ്ങളായ യൂറോപ്യന്‍ രാജ്യങ്ങള്‍ പിന്മാറിയിട്ടില്ല.
ഇപ്പോഴത്തെ ഉപരോധങ്ങള്‍ ഇറാനെ എങ്ങനെ ബാധിക്കുമെന്നു കൃത്യമായി പറയാനാകില്ല. അതേസമയം, ഇറാന്‍ ആണവകരാറില്‍ നിന്നു പിന്മാറുമെന്നു ട്രംപ് മുമ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ അവരുടെ കറന്‍സിയുടെ മൂല്യം പകുതിയായി കുറഞ്ഞിരുന്നു.
യുഎസുമായി ചര്‍ച്ചയ്ക്ക് ഇറാന്‍ തയാറാണെന്നു പ്രസിഡന്റ് ഹസന്‍ റൂഹാനി പറഞ്ഞു. എന്നാല്‍, ചര്‍ച്ചയില്‍ സത്യസന്ധത വേണം. ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയുള്ള ചര്‍ച്ച ഫലം ചെയ്യില്ല. നവംബറില്‍ യുഎസില്‍ നടക്കുന്ന മിഡ് ടേം തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാന്‍ ലക്ഷ്യമിട്ടാണ് ട്രംപിന്റെ ഇപ്പോഴത്തെ നടപടികളെന്നും അദ്ദേഹം ആരോപിച്ചു.
ഇതിനിടെ, ആഗോള സുരക്ഷയ്ക്ക് ഇറാനുമായുള്ള ആണവകരാർ നില നിൽക്കേണ്ടതുണ്ടെന്ന് ജർമനി, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ പ്രസ്താവനയിൽ പറഞ്ഞു. ഇറാനുമായി ഇടപാടു നടത്തുന്ന യൂറോപ്യൻ സ്ഥാപനങ്ങൾക്കു സംരക്ഷണ നല്‍കുന്ന പദ്ധതിയും പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം പ്രഖ്യാപിച്ച ഇറാനുമായുള്ള പദ്ധതിയിൽ നിന്നു പിന്മാറുകയാണെന്ന് ജർമൻ വാഹന നിർമാതാക്കളായ ഡൈംലർ അറിയിച്ചു.