കാബൂള്‍:അഫ്ഗാനിസ്ഥാനിലെ കാബൂള്‍ വിമാനത്താവളത്തില്‍ തിക്കിലും തിരക്കിലും പെട്ട് ആളുകള്‍ മരിക്കുന്നതിന്റെ ഉത്തരവാദിത്തം യുഎസിനാണെന്ന ആരോപണവുമായി താലിബാന്‍. രാജ്യം വിടാനുള്ള ജനങ്ങളുടെ കൂട്ടപ്പലായനമാണു വിമാനത്താവളത്തെ ദുരന്തഭൂമിയാക്കുന്നത്. ഇന്നു രാവിലെ തിക്കിലും തിരക്കിലും പെട്ട് ഏഴു പേര്‍ മരിച്ച സംഭവമാണ് ഏറ്റവും ഒടുവിലത്തെത്. എന്നാല്‍ വിമാനത്താവളത്തിലെ രക്ഷാപ്രവര്‍ത്തനത്തില്‍ യുഎസ് പരാജയപ്പെട്ടതാണു കുഴപ്പങ്ങള്‍ക്കു കാരണമെന്നാണു താലിബാന്റെ മുതിര്‍ന്ന ഉദ്യോസ്ഥന്റെ ഇപ്പോഴത്തെ പ്രതികരണം.
അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം ഏറ്റെടുത്തതു മുതല്‍ രാജ്യത്തെ ഏറ്റവും ദാരുണമായ സംഭവങ്ങള്‍ കാബൂളിലെ ഹമീദ് കര്‍സായി രാജ്യാന്തര വിമാനത്താവളത്തില്‍നിന്നുള്ളതാണ്.
തങ്ങളുടെ കൈവശമുള്ള എല്ലാ ശക്തിയും സൗകര്യങ്ങളും ഉപയോഗിച്ചിട്ടും യുഎസിനു വിമാനത്താവളത്തെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. രാജ്യത്തെ മറ്റെല്ലാ പ്രദേശങ്ങളും ഇപ്പോള്‍ സമാധാനത്തിലാണ്. കാബൂള്‍ വിമാനത്താവളത്തില്‍ മാത്രമാണു പ്രശ്‌നങ്ങളുള്ളത്’ താലിബാന്‍ ഉദ്യോഗസ്ഥനായ ആമിര്‍ ഖാന്‍ മുതാഖി എഎഫ്പിയോടു പറഞ്ഞു.
ഒരു സംഘം മാധ്യമ പ്രവര്‍ത്തകരുടെ സഹായത്തോടെ കാബൂള്‍ വിമാനത്താവളത്തില്‍ എത്താന്‍ ഭാഗ്യം ലഭിച്ച മാധ്യമപ്രവര്‍ത്തകന്‍ അവിടത്തെ അവസ്ഥയെക്കുറിച്ചു നല്‍കിയ വിവരണം ഇങ്ങനെ, ‘രാജ്യത്തിനു പുറത്തേക്കു കൊണ്ടുപോകണമെന്ന് അപേക്ഷിക്കുകയാണ് ആളുകള്‍. പാസ്‌പോര്‍ട്ടുകള്‍ ഉയര്‍ത്തിക്കാണിച്ചുകൊണ്ട് ആളുകള്‍ ഉറക്കി വിളിച്ചു പറയുന്നു, ദയവായി ഞങ്ങളെക്കൂടി നിങ്ങള്‍ക്കൊപ്പം കൊണ്ടുപോകൂ.’
ആളുകളെ വിരട്ടിയോടിക്കാന്‍ താലിബാന്‍ പോരാളി ആകാശത്തേക്കു നിറയൊഴിച്ചതായും അദ്ദേഹം അറിയിച്ചു. ഓഗസ്റ്റ് 31 ഓടെ കാബൂള്‍ വിമാനത്താവളത്തില്‍നിന്നുള്ള രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കുമെന്നാണു യുഎസ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ എഎഫ്പി റിപ്പോര്‍ട്ട് പ്രകാരം 15,000ഓളം യുഎസ് പൗരന്മാരും, അഫ്ഗാന്‍ സഖ്യകക്ഷിയില്‍പ്പെട്ട 50,000–60,000 ആളുകളും ഇപ്പോഴും അഫ്ഗാനിസ്ഥാനിലുണ്ടെന്നതും രക്ഷാപ്രവര്‍ത്തനത്തെ ആശങ്കയിലാഴ്ത്തുന്നു.