കൊറോണ പട്ടാളത്തെയും ആക്രമിച്ചു, രക്ഷതേടി യു.എസ് നാവിക കപ്പല്‍

വാഷിംഗ്ടണ്‍: ലോകത്തെ മുഴുവന്‍ കീഴിപ്പെടുത്തി മുന്നേറുന്ന കൊറോണ വൈറസ് എന്ന മഹാമാരിയുടെ പിടിയിലകപ്പെട്ട് ആയിരങ്ങളാണ് മരിക്കുന്നത്. ചൈനയിലെ വുഹാനില്‍ നിന്നാരംഭിച്ച് പതിനായിരക്കണക്കിന് ആളുകളുടെ ജീവനെടുത്ത ശേഷം ഇപ്പോള്‍ അമേരിക്കയെയാണ് കൊറോണ നോട്ടമിട്ടിരിക്കുന്നത്.

മഹാമാരി അമേരിക്കയെ പിടിച്ചുലയ്ക്കുമ്പോള്‍ കടലിനെയും കപ്പലിനെയും പോലും വെറുതേവിടുന്നില്ല. ഞങ്ങള്‍ യുദ്ധമുഖത്തല്ല, ഞങ്ങള്‍ക്ക് മരിക്കണ്ട.” യുഎസ് നാവികസേനയുടെ വിമാനവാഹിനി കപ്പലായ തിയോഡര്‍ റൂസ് വെല്‍റ്റിന്റെ ക്യാപ്ടന്‍ ബ്രെറ്റ് ക്രോസി പ്രതിരോധ സെക്രട്ടേറിയറ്റിന് അയച്ച കത്തിലെ വരികളാണിത്. യു.എസ് നാവിക കപ്പലിലെ 70 നാവികര്‍ക്കാണ് കൊറോണ ബാധിച്ചത്. ഇതോടെ കപ്പലൊന്നാകെ ഭീതിയുടെ നിഴലിലാണ്.

രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്താണ് സൈനികര്‍. അവരുടെ ജീവന്‍ രക്ഷിക്കാന്‍ എനിക്ക് കഴിയുന്നില്ല. എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. ക്യാപ്ടന്‍ കത്തില്‍ പറയുന്നു. കപ്പലില്‍ വൈറസ് പടരുകയാണെന്നും അടിയന്തര നടപടിയുണ്ടായില്ലെങ്കില്‍ എല്ലാവരും മരിക്കുമെന്നുമാണ് ക്യാപ്ടന്‍ പറയുന്നത്.

വിമാനവാഹിനി കപ്പലില്‍ നിന്ന് സൈനികരെ നീക്കം ചെയ്യുന്നതും ഐസൊലേറ്റ് ചെയ്യുന്നതും അസാധാരണമായിരിക്കും. പക്ഷേ ഇപ്പോള്‍ അത് അത്യാവശ്യമാണ്. നാവികരുടെ ആരോഗ്യം ഉറപ്പാക്കിയാല്‍ മാത്രമെ കപ്പലിന് സാധാരണ നിലയില്‍ പ്രവര്‍ത്തിക്കാനാകൂ.” ക്യാപ്ടന്‍ കത്തില്‍ വ്യക്തമാക്കുന്നു. നിരവധി നാവികര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെങ്കിലും കപ്പലിന് ദൗത്യം പൂര്‍ത്തിയാക്കാനാകുമെന്ന് യു.എസ് സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

വൈറസ് ബാധ സ്ഥിരീകരിച്ചവരെ ഐസൊലേറ്റ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കപ്പല്‍ മുന്നോട്ട് പോകുമെന്നും ജോയിന്റ് സ്റ്റാഫ് വൈസ് ഡയറക്ടര്‍ മേജര്‍ ജനറല്‍ ജെഫ് ടാലിയഫെറോ അറിയിച്ചു.

Top