ടെഹ്‌റാന്‍ :തെക്കുപടിഞ്ഞാറന്‍ ഇറാനിലെ അഹ്വസ് നഗരത്തില്‍ സൈനിക പരേഡിനു നേരെയുണ്ടായ ഭീകരാക്രമണത്തിനു പിന്നില്‍ യുഎസ് ആണെന്ന് ഇറാനിയന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. ഇറാനില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള യുഎസിന്റെ ശ്രമങ്ങളുടെ ഭാഗമായാണു ഭീകരാക്രമണമെന്നും റൂഹാനി പറഞ്ഞു. യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കുന്നതിനു ന്യൂയോര്‍ക്കിലേക്കു പുറപ്പെടും മുന്‍പാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ശനിയാഴ്ചയുണ്ടായ ആക്രമണത്തില്‍ ഇറാന്റെ റവല്യൂഷനറി ഗാര്‍ഡ്‌സിലെ 12 അംഗങ്ങള്‍ ഉള്‍പ്പെടെ 25 പേരാണു കൊല്ലപ്പെട്ടതെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ആക്രമണത്തിനു പിന്നില്‍ മേഖലയിലെ ഭീകരതയുടെ പ്രായോജകരായ സൗദി അറേബ്യയും ഇസ്രയേലും അവരുടെ യജമാനന്‍ യുഎസുമാണെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവദ് ശരീഫ് നേരത്തേ ആരോപിച്ചിരുന്നു. ഇക്കാര്യം റൂഹാനിയും ഇപ്പോള്‍ ആവര്‍ത്തിക്കുകയാണ്. ഇറാനിലെ സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കു സാമ്പത്തികപരമായും സൈനികപരവുമായ സഹായം നല്‍കുന്നതു ചില ഗള്‍ഫ് അറബ് രാജ്യങ്ങളാണ്.
യുഎസിന്റെ ഉപരോധങ്ങളെ ഏറ്റവും കുറവു നഷ്ടങ്ങളോടെ ഇറാന്‍ നേരിടുമെന്നും, എന്നാല്‍ മറ്റു രാജ്യങ്ങള്‍ക്കു നേരെ, പ്രത്യേകിച്ച് ഇറാനോടുള്ള പ്രകോപനപരമായ നീക്കങ്ങളുടെ പേരില്‍ അമേരിക്ക പശ്ചാത്തപിക്കേണ്ടി വരുമെന്നും റൂഹാനി മുന്നറിയിപ്പു നല്‍കി.
എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റും ഏറ്റെടുത്തിട്ടുണ്ട്. എന്നാല്‍ രണ്ട് വിഭാഗക്കാരുടെയും പങ്കാളിത്തം സംബന്ധിച്ച തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ആക്രമണത്തിനെത്തിയ നാലു ഭീകരരും കൊല്ലപ്പെട്ടു. 70 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.