ഗസ്സയില്‍ ദിവസേനെ നാലുമണിക്കൂര്‍ വെടിനിര്‍ത്തലിന് ഇസ്രയേല്‍ സമ്മതിച്ചെന്ന് യുഎസ്. പലസ്തീനികള്‍ക്ക് ഗസ്സ വിട്ടുപോകാനാണ് ഇളവ് അനുവദിച്ചിരിക്കുന്നതെന്നാണ് യു എസിന്റെ വിശദീകരണം. ഗസ്സയുടെ വടക്കന്‍ മേഖലയിലായിരിക്കും നാലുമണിക്കൂര്‍ വെടിനിര്‍ത്തല്‍ പാലിക്കുക. സൈനിക നടപടികള്‍ എപ്പോള്‍ നിര്‍ത്തിവയ്ക്കുമെന്ന് ഓരോ ദിവസവും ഇസ്രയേല്‍ വെടിനിര്‍ത്തലിന് മൂന്ന് മണിക്കൂര്‍ മുന്‍പ് അറിയിക്കുമെന്നാണ് അമേരിക്ക പറഞ്ഞിരിക്കുന്നത്. ഗസ്സയിലേക്ക് മാനുഷിക സഹായം ഉള്‍പ്പെടെ എത്തിക്കുന്നതിനാണ് അയവില്ലാതെ തുടരുകയായിരുന്ന യുദ്ധത്തിന് ഇപ്പോള്‍ നേരിയ ശമനമുണ്ടാകുമെന്ന് അമേരിക്ക അറിയിച്ചിരിക്കുന്നത്.
ഗസ്സ സിറ്റിയുടെ തൊട്ടടുത്ത് നിന്നാണ് ഇസ്രയേല്‍ സൈന്യവും ഹമാസും പോരാടുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സൈന്യം ഗസ്സ നഗരത്തിന്റെ ഹൃദയഭാഗത്ത് പ്രവേശിച്ചതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു.ജെനിന്‍ നഗരത്തിലെ അഭയാര്‍ത്ഥി ക്യാമ്പുകള്‍ ഉള്‍പ്പെടെ ലക്ഷ്യം വച്ചാണ് ഇസ്രയേല്‍ ആക്രമണം കടുപ്പിക്കുന്നത്. ഗസ്സയില്‍ ഇതുവരെ ഇസ്രയേല്‍ ആക്രമണത്തില്‍ മരിച്ചത് 10812 മനുഷ്യരാണ്.
അതേസമയം വെസ്റ്റ്ബാങ്കില്‍ ഉള്‍പ്പെടെ സൈനിക നടപടികള്‍ കടുപ്പിക്കുകയാണ് ഇസ്രയേല്‍. ജെനിന്‍ നഗരത്തില്‍ 18 പലസ്തീനികള്‍ കൊല്ലപ്പെട്ടു. ഗസ്സയ്ക്ക് ശേഷം യുദ്ധത്തിന്റെ രണ്ടാമത്തെ ഹോട്ട്‌സ്‌പോട്ടായി വെസ്റ്റ് ബാങ്കിലെ ജനിന്‍ മാറുന്നതായി ജെറുസലേമില്‍ നിന്ന് ട്വന്റിഫോര്‍ പ്രതിനിധി റിപ്പോര്‍ട്ട് ചെയ്യുന്നു.