യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇന്ന് വീണ്ടും പശ്ചിമേഷ്യയില്‍

വാഷിങ്ടണ്‍: യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വീണ്ടും പശ്ചിമേഷ്യ സന്ദര്‍ശനത്തിന്. വെള്ളിയാഴ്ച ഇസ്രായേലും ജോര്‍ഡനും സന്ദര്‍ശിക്കുന്ന അദ്ദേഹം ഇസ്രായേല്‍-ഹമാസ് യുദ്ധം വ്യാപിക്കുന്നത് തടയാനും ഗസ്സയില്‍ അടിയന്തര സഹായം എത്തിക്കുന്നതിന് വഴിയൊരുക്കാനും ശ്രമിക്കുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ബുധനാഴ്ച പറഞ്ഞിരുന്നു. ജോര്‍ഡന്‍ കഴിഞ്ഞദിവസം ഇസ്രായേലില്‍നിന്ന് അംബാസഡറെ തിരിച്ചുവിളിച്ചിരുന്നു.

ഗസ്സയിലെ അതിക്രമം അവസാനിപ്പിക്കുംവരെ തീരുമാനത്തില്‍ മാറ്റമുണ്ടാകില്ലെന്നാണ് ജോര്‍ഡന്‍ വിദേശകാര്യമന്ത്രി വ്യക്തമാക്കിയത്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ മഞ്ഞുരുക്കത്തിന് യു.എസ് ശ്രമിക്കും. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ബുധനാഴ്ച ബ്ലിങ്കന്‍ ഫോണില്‍ സംസാരിച്ചിരുന്നു. ഇസ്രായേലിനുമേല്‍ അമേരിക്കക്കുള്ള സ്വാധീനം വെടിനിര്‍ത്തലിനും മാനുഷിക സഹായം ലഭ്യമാക്കാന്‍ വഴിയൊരുക്കാനും ഉപയോഗപ്പെടുത്തണമെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ ആവശ്യപ്പെട്ടു.

അതേസമയം, ഗസ്സയില്‍ കരയുദ്ധം നടത്തുന്നത് അബദ്ധമാകുമെന്ന യു.എസ് ഉപദേശം തള്ളിയാണ് ഇസ്രായേല്‍ നീങ്ങുന്നത്. അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ ഫലസ്തീനികള്‍ക്കെതിരെ നടത്തുന്ന അക്രമം അവസാനിപ്പിക്കാനും ഗസ്സയില്‍ സിവിലിയന്‍ കൂട്ടക്കുരുതിയില്‍നിന്ന് പിന്‍വാങ്ങാനും ബ്ലിങ്കന്‍ ഇസ്രായേലിനുമേല്‍ സമ്മര്‍ദം ചെലുത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രായേലില്‍ മിന്നലാക്രമണം നടത്തിയതിനുശേഷം ബ്ലിങ്കന്‍ ഇസ്രായേല്‍ സന്ദര്‍ശിച്ച് പൂര്‍ണ പിന്തുണ അറിയിച്ചിരുന്നു.പശ്ചിമേഷ്യന്‍ സന്ദര്‍ശനത്തിനുശേഷം ബ്ലിങ്കന്‍ ജപ്പാനും ദക്ഷിണ കൊറിയയും ഇന്ത്യയും സന്ദര്‍ശിക്കും.

Top