യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വീണ്ടും ഇസ്രയേലിലേക്ക്

വാഷിങ്ടണ്‍: ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം ശക്തമാകുന്നതിനിടെ യുസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇസ്രയേല്‍ സന്ദര്‍ശിക്കും. വെള്ളിയാഴ്ച ഇസ്രയേലിലെത്തുന്ന ബ്ലിങ്കന്‍ വിവിധ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് യുഎസ് വക്താവ് മാത്യു മില്ലര്‍ അറിയിച്ചു.

ഇസ്രയേലിന് യുഎസിന്റെ പിന്തുണ അറിയിക്കുന്നതിനായാണ് ബ്ലിങ്കന്റെ സന്ദര്‍ശനം. മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം ശക്തമാകുന്ന പശ്ചാത്തലത്തില്‍ ജോര്‍ദാന്‍, സൗദി അറേബ്യ, യുഎഇ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളും ബ്ലിങ്കന്‍ സന്ദര്‍ശിച്ചിരുന്നു. ഇസ്രയേലിന് അടിയന്തര സഹായം നല്‍കുന്നതിനായി പ്രത്യേക ബില്‍ പാസാക്കണമെന്ന് ബ്ലിങ്കന്‍ നേരത്തെ തന്നെ അമേരിക്കന്‍ കോണ്‍ഗ്രസില്‍ ആവശ്യപ്പെട്ടിരുന്നു.

1400ല്‍ അധികം പേരെ ഹമാസ് വധിച്ചെന്ന് ഇസ്രയേല്‍ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇതില്‍ 230ഓളം പേര്‍ യുഎസ് പൗരന്മാരാണ്. അതേസമയം ഇസ്രയേലിന്റെ ബോംബാക്രമണത്തില്‍ 8500ല്‍ അധികം പേര്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയവും അറിയിച്ചു. വടക്കന്‍ ഗാസയിലെ ജബലിയ അഭയാര്‍ഥി ക്യാംപില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 100 പേരാണ് കൊല്ലപ്പെട്ടത്. 300 പേര്‍ക്കു പരുക്കേറ്റു. ക്യാംപിലെ 15 പാര്‍പ്പിടകേന്ദ്രങ്ങള്‍ പൂര്‍ണമായും തകര്‍ന്നടിഞ്ഞു. പരുക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമല്ല.

അതിര്‍ത്തിയില്‍നിന്നു കൂടുതല്‍ ഇസ്രയേല്‍ ടാങ്കുകള്‍ ഗാസയിലേക്കു നീങ്ങുകയാണ്. ഗാസ സിറ്റിയിലെ തുരങ്കങ്ങളില്‍ ഇരുപക്ഷവും തമ്മില്‍ കനത്ത വെടിവയ്പു നടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. തുരങ്കങ്ങളില്‍ പ്രവേശിച്ച സൈനികര്‍, ഹമാസ് പ്രവര്‍ത്തകരെ വധിച്ചതായും അവരുടെ 300 കേന്ദ്രങ്ങള്‍ കൂടി തകര്‍ത്തതായും ഇസ്രയേല്‍ അവകാശപ്പെട്ടു. ഇസ്രയേല്‍ ടാങ്കുകളെ മിസൈലാക്രമണത്തിലൂടെ തുരത്തുന്നതായി ഹമാസും അവകാശപ്പെട്ടു.

Top