വാഷിങ്ടണ്‍:ചൈനയ്ക്ക് വേണ്ടി ചാരവൃത്തി നടത്തുന്നുവെന്ന് ആരോപണം ഉന്നയിച്ച് ചൈനീസ് ആപ്ലിക്കേഷനായ ടിക് ടോക്ക് ഉയര്‍ത്തുന്ന ദേശീയ സുരക്ഷാ ഭീഷണികളെ കുറിച്ച് അന്വേഷിക്കണമെന്ന് രണ്ട് മുതിര്‍ന്ന അമേരിക്കന്‍ സെനറ്റര്‍മാര്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.
ദേശീയ രഹസ്യാന്വേഷണ വിഭാഗം ആക്ടിങ് ഡയറക്ടര്‍ ജോസഫ് മഗ്വയറിനുള്ള കത്തില്‍ സെനറ്റിലെ ഡെമോക്രാറ്റ് നേതാവായ ചക്ക് ഷമ്മറും റിപ്ലബ്ലിക്കന്‍ സെനറ്ററായ ടോം കോട്ടനുമാണ് ടിക് ടോക്ക് ഉടമ ബൈറ്റ്ഡാന്‍സ് ചൈനീസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ഉപഭോക്തൃ വിവരങ്ങള്‍ കൈമാറാന്‍ നിര്‍ബന്ധിതരായേക്കുമെന്ന ആശങ്ക ഉയര്‍ത്തിയത്.ടിക് ടോക് ഉപയോക്താക്കളുടെ ഫോണുകളിലേക്കും കംപ്യൂട്ടറുകളിലേക്കും പിന്‍വാതില്‍ പ്രവേശനം അനുവദിക്കുമെന്നും ഇവര്‍ ആരോപിക്കുന്നു.
അമേരിക്കയില്‍ മാത്രം 11 കോടിയിലധികം പേര്‍ ടിക് ടോക്ക് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്.ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുടെ ഭരണകൂടം രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരങ്ങള്‍ കൈമാറാന്‍ കമ്പനിയെ നിര്‍ബന്ധിച്ചേക്കാം. ഉപയോക്താക്കളില്‍ നിന്നും ടിക് ടോക്ക് ഗണ്യമായ അളവില്‍ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്്. ഇത് ഭീഷണിയാണ്. അടുത്ത തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനും ടിക് ടോക്ക് ഉപയോഗപ്പെടുത്തിയേക്കാമെന്നും സെനറ്റര്‍മാര്‍ കത്തില്‍ ആരോപിക്കുന്നുണ്ട്.
എന്നാല്‍ ചൈനീസ് സര്‍ക്കാര്‍ ഉള്‍പ്പടെ ഒരു വിദേശ ഭരണകൂടവും ഞങ്ങളെ സ്വാധീനിക്കുന്നില്ലെന്നകതാണ് ടിക് ടോക്കിന്റെ പ്രതികരണം.
ഡേറ്റ ഒന്നും ചൈനീസ് നിയമത്തിന്റെ പരിധിയില്‍ വരുന്നില്ലെന്നും ചൈനയ്ക്ക് പുറത്താണ് കമ്പനിയുടെ ഡേറ്റാ സെന്ററുകളുള്ളതെന്നും ടിക് ടോക്ക് പറഞ്ഞു. ചൈനീസ് വിരുദ്ധമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുന്നുവെന്ന ആരോപണവും ടിക് ടോക്ക് നിഷേധിച്ചു.
കുറഞ്ഞ കാലത്തിനുള്ളില്‍ ഓണ്‍ലൈന്‍ ലോകത്ത് ജനപ്രീതി നേടിയെടുക്കാന്‍ കഴിഞ്ഞ ടിക് ടോക്കിന് ആഗോളതലത്തില്‍ 50 കോടി ഉപയോക്താക്കളാണുള്ളത്. 60 സെക്കന്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വ വീഡിയോകള്‍ പങ്കുവെക്കാന്‍ അനുവദിക്കുന്ന ടിക് ടോക്ക് അടുത്തിടെ ഡൗണ്‍ലോഡുകളുടെ എണ്ണത്തില്‍ ഫെയ്സ്ബുക്കിനേയും ഇന്‍സ്റ്റാഗ്രാമിനേയും മറികടന്നിരുന്നു.