വാഷിങ്ടണ്‍: പാശ്ചാത്യ രാജ്യങ്ങള്‍ക്കു നേരെ ആക്രമണങ്ങള്‍ നടത്താന്‍ ഇന്റര്‍നെറ്റിലൂടെ ആഹ്വാനം ചെയ്യാന്‍ സാധിക്കുന്ന ഇസ്ലാമിക് സ്‌റ്റേറ്റിന്റെ കഴിവിനെ തകര്‍ക്കാനായിട്ടില്ലെന്ന് യുഎസ് ദേശീയ സുരക്ഷാ വിഭാഗം.
ശക്തികേന്ദ്രങ്ങളായിരുന്ന ഇറാഖിലും സിറിയയിലും ഇന്ന് 3000ത്തില്‍ താഴെ മാത്രമാണ് ഐഎസ് ഭീകരരുള്ളത്. എന്നാല്‍ ഇവര്‍ ഇവിടം വിട്ട് പുറംരാജ്യങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ബലപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. പാശ്ചാത്യ രാജ്യങ്ങളുമായി ബന്ധപ്പെട്ട് നേരിട്ടല്ലാതെ ഇക്കഴിഞ്ഞ ജനുവരി മുതല്‍ ഇരുപതോളം ആക്രമണമെങ്കിലും ഈ ഭീകരസംഘടന നടത്തിയിട്ടുണ്ട്.മറ്റുള്ളവരെ ഭീകരാക്രമണത്തിനു പ്രേരിപ്പിക്കുന്ന ഐഎസ് തന്ത്രങ്ങള്‍ക്കു തടയിടാനായിട്ടില്ലെന്നും സുരക്ഷാ വിഭഗം വ്യക്തമാക്കി.
സൈബര്‍ ലോകമാണ് ഐഎസിന്റെ പുതിയ വിളനിലം. സമൂഹമാധ്യമങ്ങളിലൂടെ ലോകമെമ്പാടുമുള്ള ഐഎസ് അനുഭാവികളിലേക്ക് എത്താനുള്ള ഐഎസ് നീക്കങ്ങള്‍ പ്രവചനാതീതമാണ്. അതിനെ പിന്തുടരാനാകുന്നില്ല. അതിനാല്‍ത്തന്നെ പ്രാദേശിക തലത്തില്‍ ഭീകരത വളര്‍ത്താനുള്ള ഐഎസിന്റെ നീക്കങ്ങളെ പ്രതിരോധിക്കാനും സാധിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.